കോടഞ്ചേരി മിശ്രവിവാഹത്തെ പിന്തുണച്ച് എ.എ റഹീം
വിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതന്മാരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കോടഞ്ചേരിയിൽ ഇന്ന് സി.പി.എം വിശീദകരണ യോഗം വിളിച്ചിട്ടുണ്ട്
തിരുവനന്തപുരം: കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹത്തെ പിന്തുണച്ച് ദേശീയ അധ്യക്ഷൻ എ.എ റഹീം എം.പി. ഫേസ്ബുക്കിലൂടെയാണ് റഹീം ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ഇരുവർക്കും വിവാഹാശംസകൾ നേർന്നു.
സംഭവത്തിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിന്റെ പ്രസ്താവനയെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് നിർമിത കള്ളമാണെന്ന് പ്രതികരിച്ച സംസ്ഥാന നേതൃത്വം മിശ്രവിവാഹിതരായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ ഷിജിനയും ജോയ്സ്നയും തമ്മിലുള്ള വിവാഹത്തെ പിന്തുണക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിജിനെതിരെ നടപടിയുണ്ടാകുമെന്നാണ് ജോർജ് എം തോമസ് പറഞ്ഞത്. പാർട്ടിക്ക് ദോഷം വരുത്തിയ ഷിജിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതന്മാരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കോടഞ്ചേരിയിൽ ഇന്ന് സി.പി.എം വിശീദകരണ യോഗം വിളിച്ചിട്ടുണ്ട്. ലൗ ജിഹാദ്: സി.പി.എം വിശദീകരണ യോഗം എന്ന തലക്കെട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനെ ന്യായീകരിച്ച് രംഗത്തെത്തിയ ജോർജ് എം. തോമസ് സംസ്ഥാനത്ത് ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും വിശദീകരിച്ചിരുന്നു.
Summary: DYFI leader AA Rahim MP supports Kodencherry inter religious marriage