ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദനം; പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകരെന്ന് ആരോപണം
30ലധികം പേർ ചേർന്ന് യുവാവിനെ മർദിച്ചതെന്നാണ് പരാതി
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദനം. കോട്ടൂര്‍ സ്വദേശി ജിഷ്ണുവിനെ ഇന്നലെ രാത്രി ഒരു സംഘം മര്‍ദിച്ചത്. മർദിച്ച് അവശനാക്കിയ ശേഷം കുറ്റസമ്മതം നടത്തുന്ന വീഡിയോയും ചിത്രീകരിച്ചു. മർദനത്തിന് പിന്നിൽ എസ്.ഡി.പി.ഐ- ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. കോട്ടൂര്‍ പാലൊളിയിൽ വെച്ചാണ് ജിഷ്ണുവിന് മർദനമേൽക്കുന്നത്. 30ലധികം പേർ ചേർന്നാണ് ജിഷ്ണുവിനെ മർദിച്ചതെന്നാണ് പരാതി. രാത്രി ഒരു മണിക്കാണ് അക്രമം നടന്നത്. പൊലീസ് എത്തിയത് മൂന്നുമണിക്കും. അതുവരെ മർദനം തുടർന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഗുരുതര പരിക്കുണ്ട്. അതേസമയം ഫ്‌ളക്‌സ് കീറിയതിന് ജിഷ്ണുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മർദിച്ചവർക്കെതിരെയും കേസ് എടുക്കും. 30 ലധികം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം, പാലൊളിയില്‍ തങ്ങളുടെ പ്രവർത്തകർ യുവാവിനെ മർദിച്ചെന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ സത്യവിരുദ്ധമാണെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി പി.ടി അഹമ്മദ് പറഞ്ഞു. പ്രദേശത്ത് വീടുകളും കടകളും ലൈബ്രറിയും അടക്കമുള്ളവ സ്ഥിരമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ഒരു യുവാവിനെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം എസ്.ഡി.പി.ഐയുടെ പേരിൽ ചുമത്തുന്നത് ശരിയല്ല. യുവാവിനെ മർദിച്ചെന്ന് പറയപ്പെടുന്ന സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനും പങ്കില്ലെന്നും പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പി.ടി അഹമ്മദ് ആവശ്യപ്പെട്ടു.