എൽദോസ് കുന്നപ്പിള്ളിലിനെ കണ്ടെത്തുന്നവര്‍ക്ക് 101 രൂപ ഇനാം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ
എം.എൽ.എയുടെ സാന്നിധ്യമില്ലെങ്കിലും മുറപോലെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്
എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയെ കണ്ടെത്താൻ തെരുവിൽ അന്വേഷണം നടത്തി ഡി.വൈ.എഫ്.ഐയുടെ പ്രതീകാത്മക പ്രതിഷേധം. എം.എൽ.എയെ കണ്ടെത്തുന്നവർക്ക് ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ മടങ്ങിയത്.
പെരുമ്പാവൂർ എം.എൽ.എയെ തേടി നാടും നഗരവും ചുറ്റി. എൽദോസ് എം.എൽ.എയെ കണ്ടെത്താത്ത സ്ഥിതിക്ക് കണ്ടെത്തി നൽകുന്നവർക്ക് 101 രൂപ ഇനാം പ്രഖ്യാപിച്ചൊരു വിളംബരം- പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ എം.എൽ.എയുടെ സാന്നിധ്യമില്ലെങ്കിലും മുറപോലെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. സന്ദർശകരില്ലെങ്കിലും ഓഫീസ് തുറന്ന് വച്ച് എം.എൽ.എയെ കാത്തിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകര്‍.
എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുമ്പോൾ എം.എൽ.എയെ തേടിയെത്തുന്നവരോട് മറുപടി പറയാനാകാത്ത അവസ്ഥയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ. എം.എൽ.എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിൽ നിന്ന് ഒരാഴ്ചയോളമായി എം.എൽ.എ വിട്ടു നിൽക്കുകയാണ്. നേതാക്കൾക്കോ പ്രവർത്തകർക്കോ എം.എൽ.എ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരാതിക്കാരിയായ യുവതി എൽദോസിന്റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എം.എൽ.എയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും പൊലീസിന് മുൻപാകെ ഹാജരായി മൊഴി നൽകാൻ തയ്യാറായിട്ടില്ല.