'ദുൽഖർ ചെയ്താൽ നല്ലതും ഞങ്ങൾ ചെയ്താൽ തെറ്റും'; കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ ഇ- ബുൾജെറ്റ്

ഇന്ന് രാത്രി ഒമ്പത് മണിക്ക് അതിശക്തമായി പ്രതികരിക്കുമെന്നും ഇ-ബുൾജെറ്റ് സഹോദരൻമാരായ എബിനും ലിബിനും ഫേസ്ബുക്കിൽ കുറിച്ചു

Update: 2021-11-23 14:28 GMT
Advertising

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്‌ളോഗര്‍മാരായ ഇ- ബുള്‍ജെറ്റും രംഗത്ത്. സിനിമാതാരങ്ങൾക്ക് എന്തുമാകാം പക്ഷേ തങ്ങളെപ്പോലുള്ള പാവം വ്ളോഗർമാർ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരുമുണ്ടെന്ന് ഇ-ബുള്‍ജെറ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇതിനെതിരെ ഇന്ന് രാത്രി ഒമ്പത് മണിക്ക് അതിശക്തമായി പ്രതികരിക്കുമെന്നും ഇ-ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും പോസ്റ്റില്‍ വ്യക്തമാക്കുന്നു.  

'രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ്, പക്ഷേ ഞങ്ങള്‍ ചെയ്തത് തെറ്റ്. കുറുപ്പിന്റെ പ്രൊമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. എം.വി.ഡി ഈ ഇരട്ടത്താപ്പാണ് ആദ്യം അവസാനിപ്പിക്കേണ്ടത്' ഇ- ബുള്‍ജെറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, 

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷന്‍ ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര്‍ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു.

എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും, ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

Full View 

നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാഹന രജിസ്ട്രേഷനടക്കം മരവിപ്പിച്ച നടപടി വന്‍ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. 

അതേസമയം, മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാനും കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങി, സിനിമാ പ്രൊമൊഷനു വണ്ടി സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കില്ലേയെന്നാണ് മല്ലു ട്രാവലറിന്‍റെ ചോദ്യം. 

എന്നാല്‍, നിയമപ്രകാരം പണം നല്‍കിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്നാണ് കുറുപ്പ് ടീമിന്‍റെ പ്രതികരണം. പാലക്കാട് ആര്‍.ടി.ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

e bulljet against kurupp movie promotion Car 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News