പരിസ്ഥിതി ലോല മേഖല ഉത്തരവ്; ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽ.ഡി.എഫും യു.ഡി.എഫും

സുപ്രിംകോടതി ഉത്തരവിൽ കേന്ദ്രം ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു

Update: 2022-06-08 11:08 GMT
Advertising

ഇടുക്കി: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇരു മുന്നണികളും ഹർത്താൽ പ്രഖ്യാപിച്ചു. മറ്റന്നാൾ എൽ.ഡി.എഫും ഈ മാസം 16ന് യു.ഡി.എഫുമാണ് ഹർത്താൽ ആചരിക്കുക.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന- നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച സുപ്രിംകോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം, ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്‍റെ തീരുമാനം. വിധിയിൽ ഇളവ് തേടി കേരളം സുപ്രിംകോടതിയെ സമീപിക്കും. വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനവാസ മേഖല ഒഴിവാക്കണമെന്ന കാര്യത്തില്‍ കേന്ദ്രത്തിനും കേരളത്തിനും ഒരേ അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു. 

സുപ്രിംകോടതി വിധിയില്‍ കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അവർക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കർഷക താൽപര്യം സംരക്ഷിക്കാനുള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ മാസത്തിൽ സുപ്രിംകോടതി അവധി കഴിഞ്ഞു തുറക്കുമ്പോൾ ഹരജി സമര്‍പ്പിക്കാനാണ് നീക്കം. ഇതിനൊപ്പം എംപവർ കമ്മിറ്റിയുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തും. നിലവിൽ കേന്ദ്രത്തിന് സമർപ്പിച്ച പ്രപ്പോസൽ പരിഷ്കരിക്കണോ അതോ പുതിയ പ്രപോസൽ നൽകണമോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News