തെന്മലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ കുടിലുകൾ അപകടാവസ്ഥയിൽ; ഇടപെടൽ വൈകുന്നുവെന്ന വിമർശനവുമായി നാട്ടുകാർ
കല്ലടയാറിന്‍റെ തീരത്ത് സഞ്ചാരികൾക്കായി തയ്യാറാക്കിയ ഹട്ടുകളാണ് നാശത്തിന്‍റെ വക്കിലെത്തിയത്. അശാസ്ത്രീയമായാണ് നിർമാണമെന്നും ആക്ഷേപമുണ്ട്
കൊല്ലം തെന്മലയിൽ ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായി നിർമിച്ച കുടിലുകൾ അപകടാവസ്ഥയിൽ. കല്ലടയാറിന്‍റെ തീരത്ത് സഞ്ചാരികൾക്കായി തയ്യാറാക്കിയ ഹട്ടുകളാണ് നാശത്തിന്‍റെ വക്കിലെത്തിയത്.
ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തെന്മല വാട്ടർ അതോറിറ്റി പമ്പ് ഹൗസിനോട് ചേർന്നു നിർമിച്ച കുടിലുകളാണ് അപകടാവസ്ഥയിൽ ഉള്ളത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ നിർമിച്ചതാണ് ഇവ. 2001ലാണ് പദ്ധതി ആരംഭിച്ചത്. ആറിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ കുടിലുകൾ അപകടാവസ്ഥയിലായെങ്കിലും അധികൃതരുടെ അടിയന്തര ഇടപെടൽ വൈകുന്നുവെന്നാണ് പരാതി. അശാസ്ത്രീയമായാണ് നിർമാണമെന്നും ആക്ഷേപമുണ്ട്.
തെന്മലയില്‍ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ, രണ്ട് കിലോമീറ്റർ യാത്ര ചെയ്തു വേണം പൊതു ശൗചാലയത്തിലെത്താൻ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടികാണിച്ചിട്ടും നടപടിയില്ല.