ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി ഇ.ഡി പ്രവർത്തിക്കുന്നു: തോമസ് ഐസക്

കേരളം ലക്ഷ്യമിട്ട് ബിജെപിക്ക് പ്ലാൻ ഉണ്ടാകണം, അതിന്റെ അരങ്ങ് ഒരുക്കലാണിതെന്നും തോമസ് ഐസക്

Update: 2022-07-18 11:47 GMT
Editor : afsal137 | By : Web Desk
Advertising

ആലപ്പുഴ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി ഇ.ഡി പ്രവർത്തിക്കുകയാണെന്ന് തോമസ് ഐസക് ആരോപിച്ചു. ഇ.ഡി എന്താണ് തനിക്കെതിരെ കണ്ടെത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡി നോട്ടിസ് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം.

ഇ.ഡി നോട്ടീസ് ലഭിച്ചത് ഉച്ചയ്ക്ക് ശേഷം ഇ മെയിൽ വഴിയാണ്. തനിക്കെതിരെ ഇ.ഡി എന്ത് അന്വേഷിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. കേരളം ലക്ഷ്യമിട്ട് ബിജെപിക്ക് പ്ലാൻ ഉണ്ടാകണം. അതിന്റെ അരങ്ങ് ഒരുക്കലാണിത്. 700 മില്യൺ ഡോളറിൽ താഴെയുള്ള മസാലബോണ്ടുകൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാകും. വിവാദങ്ങൾ ഉണ്ടായപ്പോൾ റിസർവ് ബാങ്ക് ചട്ടം മാറ്റിയെന്നും അതിന് മുമ്പ് വായ്പ എടുത്തിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഇ.ഡി ഇന്ന് വിളിച്ച് നാളെ ചെല്ലാൻ പറഞ്ഞാൽ നടക്കില്ലെന്നും തോമസ് ഐസക് അറിയിച്ചു. വിഷയം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് വിശദമാക്കി. തന്നോട് അക്കൗണ്ട് ബുക്കുകളുമായി ഹാജരാകണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു.

കിഫ്ബി പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നുള്ള സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം സ്വന്തമാക്കിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കിഫ്ബിക്കെതിരെ ഉയർന്നിരിക്കുന്ന കുറ്റങ്ങൾ. എന്നാൽ, കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും പൊക്കിക്കൊണ്ടുവന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഐസക് ആരോപിച്ചു.

നാളെ ഇ.എം.എസ് അക്കാദമിയിൽ ക്ലാസുള്ളതിനാൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ സമൻസ് കുറച്ചുമുൻപ് ഇ-മെയിലിലാണ് ലഭിച്ചിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. ഈ മാസം 13ന് സ്പീഡ് പോസ്റ്റ് വഴി സമൻസ് അയച്ചിരുന്നുവെന്നും ഇ.ഡി ചില പത്രക്കാർക്ക് സമൻസ് ലീക്ക് ചെയ്തുനൽകിയപ്പോഴും തനിക്കതു ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ''ഇ.ഡിക്കു ചെയ്യാവുന്നതിന്റെ പരമാവധി രണ്ടുവർഷം മുമ്പ് ചെയ്തുകഴിഞ്ഞുവെന്നാണ് എന്റെ ധാരണ. സി.എ.ജിയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും ഇ.ഡിയും ഒത്തുചേർന്നാണല്ലോ കെണിയൊരുക്കാൻ നോക്കിയത്. ഒന്നും നടന്നില്ല.''-ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News