കരുവന്നൂർ കള്ളപ്പണ ഇടപാട്; പ്രതിയിൽ നിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസും പണം കൈപ്പറ്റിയെന്ന് ഇ.ഡി
രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ പ്രതി സതീഷ് കുമാറിൽ നിന്ന് ദേശാഭിമാനി പബ്ലിക്കേഷൻസും പണം കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്.
രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് ഇ.ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
18 ലക്ഷം വീതം രണ്ട് തവണയായാണ് ദേശാഭിമാനിക്ക് കിട്ടിയതെന്നും എം.കെ കണ്ണന്റെയും എ.സി മൊയ്തീന്റേയും ബിനാമിയായി നിന്നാണ് സതീഷ് കുമാർ ഈ പണം കൈമാറിയതെന്നും ഇ.ഡി പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ എന്ന രീതിയിലാണ് ദേശാഭിമാനിക്ക് പണം കൈമാറിയത്.
പണം കൈമാറിയത് സതീഷ് കുമാറിന്റെ കമ്പനി അക്കൗണ്ടിൽ നിന്നാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു. എന്നാൽ എന്തടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് സതീഷ് കുമാറിനെ ബിനാമിയാക്കി സിപിഎം നേതാക്കളടക്കം വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതൽ തെളിവുകൾ സതീഷിൽ നിന്നും കിരൺകുമാറിൽ നിന്നുമെല്ലാം ലഭ്യമായിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.