കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്

നോട്ടിസ് ലഭിച്ചിട്ടില്ലെന്നും 12ന് പാർട്ടി സെക്രട്ടറിയേറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും ഐസക് പ്രതികരിച്ചു

Update: 2024-01-06 06:44 GMT
Editor : Shaheer | By : Web Desk

തോമസ് ഐസക്

Advertising

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ സമൻസ്. ഈ മാസം 12ന് ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണു നിർദേശം. നോട്ടിസ് ലഭിച്ചിട്ടില്ലെന്നും മാധ്യമവാർത്തകളിലൂടെയാണ് അറിയുന്നതെന്നും ഐസക് പ്രതികരിച്ചു. 12ന് പാർട്ടി സെക്രട്ടറിയേറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷമായി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചതാണ് തടസമായി പറയുന്നത്. ഐസകിനെ ചോദ്യംചെയ്യാതെ അന്വേഷണം തുടരാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 12ന് ഹാജരായില്ലെങ്കിൽ വീണ്ടും സമൻസ് അയയ്ക്കും.

2,500 കോടി രൂപയാണ് മസാല ബോണ്ട് വഴി വിദേശത്തുനിന്ന് കിഫ്ബി സമാഹരിച്ചത്. അതിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകളും ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്. ഐസകിനു മാത്രമാണ് ഇപ്പോൾ ഇ.ഡി സമൻസ് അയച്ചിട്ടുള്ളത്. കിഫ്ബി സി.ഇ.ഒ കെ.എം അബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി തോമസ് എന്നിവർക്ക് പിന്നീട് സമൻസ് അയയ്ക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

Full View

അതേസമയം, മാധ്യമവാർത്തകളിലൂടെയാണു വിവരം താൻ അറിയുന്നതെന്ന് തോമസ് ഐസക് 'മീഡിയവണി'നോട് പ്രതികരിച്ചു. എന്നെ അറിയിക്കുംമുൻപ് എല്ലാം പത്രക്കാരെ അറിയിക്കുന്ന പരിപാടിയാണ് ഇ.ഡിയുടേത്. ഈ അന്വേഷണത്തിന്റെയെല്ലാം ലക്ഷ്യം രാഷ്ട്രീയമാണെന്നു വ്യക്തമാക്കുന്നതാണിതെല്ലാം.

Full View

12ന് പാർട്ടി സെക്രട്ടറിയേറ്റാണ്. അന്നു പോകാൻ കഴിയില്ല. സമയം തന്നു വിളിക്കണം. ഇ.ഡിയുടെ വിളിയും കാത്ത് ഇരിക്കുകയല്ല ഞങ്ങൾ. ഇതെല്ലാം നിയമസഭ ചർച്ച ചെയ്ത കാര്യമാണെന്നും ഐസക് കൂട്ടിച്ചേർത്തു.

Summary: Enforcement Directorate summons ex-minister Thomas Isaac in KIIFB Masala bond case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News