പ്ലസ്‍വൺ പ്രവേശനം; വെയിറ്റേജ് സംവിധാനം നിർത്തലാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
അക്കാദമിക നിലവാരം ഉയർന്ന വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം
തിരുവനന്തപുരം: പ്ലസ്‍വൺ പ്രവേശന സമയത്ത് അനുവദിക്കുന്ന സ്‌കൂൾ വെയിറ്റേജ് സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക നിലവാരം ഉയർന്ന വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് തീരുമാനം.
പത്താം ക്ലാസിൽ പഠിച്ച അതേ സ്‌കൂളിൽ തന്നെ പ്ലസ്‍വൺ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ വെയിറ്റേജയി രണ്ട് പോയിന്റ് ലഭിക്കും. എന്നാൽ ഇത് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് കാർത്തികേയൻ നായർ കമ്മിറ്റി വിലയിരുത്തുന്നു. സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഇല്ലാത്ത 3145 സ്‌കൂളുകളാണ് ആകെയുളളത്. ഇവിടെ പഠിച്ച മികച്ച ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ വെയിറ്റേജ് ലഭിക്കാത്തതിനാൽ വേണ്ട സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നില്ല. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെയിറ്റേജ് ഒഴിവാക്കാനുള്ള ശിപാർശ സമിതി സർക്കാരിന് സമർപ്പിക്കും.
ഹയർ സെക്കൻഡറി ബാച്ചുകളിൽ അധികമായി മാർജിനൽ സീറ്റ് അനുവദിക്കുന്നത് ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുമെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും. പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ റിപ്പോർട്ടിന്മേൽ വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനമെടുക്കും.