പൊതുവിദ്യാഭ്യാസത്തിന് 1773.10 കോടി; ഉന്നത വിദ്യാഭ്യാസത്തിന് 816.79 കോടി

സൗജന്യ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപയാണ് മാറ്റിവെച്ചത്

Update: 2023-02-03 06:15 GMT

സ്കൂള്‍

Advertising

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിന് സംസ്ഥാന ബജറ്റില്‍ 1773.10 കോടി രൂപ വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിന് 816.79 കോടിയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 242.40 കോടിയും അനുവദിച്ചു. സൗജന്യ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപയാണ് മാറ്റിവെച്ചത്.

ഗവണ്‍മെന്‍റ് കോളജുകളുടെ ഭൌതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 98.35 കോടി രൂപയും സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് 95 കോടി രൂപയും വകയിരുത്തി. അസാപ്പിന് 35 കോടി രൂപ അനുവദിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ആധുനിക സൌകര്യങ്ങളോടെ അക്കാദമിക് കോംപ്ലക്സ് സ്ഥാപിക്കും. പിണറായിയിൽ പോളിടെക്നിക് സ്ഥാപിക്കും.

ഗതാഗത മേഖലയ്ക്ക് 2080 കോടി

ഗതാഗത മേഖലയ്ക്ക് 2080 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാന പാതകളുടെ വികസനത്തിന് 75 കോടി രൂപ അനുവദിച്ചു. റെയിൽവേ സുരക്ഷയ്ക്ക് 12.1 കോടി രൂപയാണ് മാറ്റിവെച്ചത്. അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 40.50 കോടി അനുവദിച്ചു. കെ.എസ്.ആർ.ടി.സിക്ക് 131 കോടി രൂപയാണ് വകയിരുത്തിയത്. കെ.എസ്.ആർ.ടി.സി അടിസ്ഥാന വികസനത്തിന് 30 കോടിയാണ് അനുവദിച്ചത്.

കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ശുചിത്വ സാഗരം പരിപാടിക്ക് 5.5 കോടിയും മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടിയും ബോട്ട് എഞ്ചിനുകൾ മറ്റ്‌ ഇന്ധനങ്ങളിലേക്ക് മാറ്റുന്ന പദ്ധതിക്ക് 8 കോടിയും സമുദ്ര കൂട് കൃഷി പദ്ധതിക്ക് 9 കോടിയും അനുവദിച്ചു.

പഞ്ഞ മാസങ്ങളിൽ മത്സ്യത്തൊഴിലാളി സഹായത്തിന് സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി. ഉൾനാടൻ മൽസ്യമേഖലയ്ക്ക് 82.11 കോടിയും കൊഞ്ച്‌ കൃഷിക്ക് 5.88 കോടിയും ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരണത്തിന് ഒരു കോടിയും മുതലപ്പൊഴി മാസ്റ്റർ പ്ലാന് 2 കോടിയും നല്‍കി.

ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആരോഗ്യ മേഖലക്കായി 2828.33 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് വികസനം- 237.27 കോടി, കാരുണ്യ ആരോഗ്യ പദ്ധതി- 574.5 കോടി, തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് 10 കോടി, പേവിഷത്തിനെതിരെ തദ്ദേശ വാക്സീൻ -5 കോടി, കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് 5 കോടി, സേഫ് ഫുഡിന് 7 കോടി  അനുവദിച്ചു.

അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർദ്ധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായി.

കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ സംഘടിതമായ ചില ശ്രമങ്ങൾ നടക്കുന്നു. കേരള വികസന മാതൃകയെ ഇകഴ്ത്താൻ ശ്രമം. കേരള വികസന മാതൃക എല്‍.ഡി.എഫിന്‍റെ മാത്രം നേട്ടമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തെ ഒരു പ്രതീക്ഷയുമില്ലാത്ത നാടായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. നേട്ടങ്ങളെ ഇടതു സർക്കാരിന്‍റെ നേട്ടം മാത്രമായി തങ്ങൾ പറയാറില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News