സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി
സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തി. അടുത്തമാസം 15നകം മുന്നൊരുക്കം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും വിദ്യഭ്യാസ മന്ത്രി
നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ നടത്തുക ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. സ്കൂള്‍ തുറന്നാലും സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയ്ക്ക് രണ്ട് ദിവസത്തിനുള്ളില്‍ രൂപം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാന്‍ വിദഗ്ധ സമിതി യോഗത്തില്‍ തീരുമാനിച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതിലാണ് മാര്‍ഗ രേഖ തയ്യാറാക്കാനായി വിദ്യാഭ്യാസ വകുപ്പിലേയും ആരോഗ്യ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിക്കാനുള്ള തീരുമാനം. രണ്ട് ദിവസത്തിനുള്ളില്‍ യോഗം ചേരും. മാര്‍ഗരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറി അനുമതി വാങ്ങിയ ശേഷമായിരിക്കും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുക.
എല്ലാ വിദ്യാര്‍ത്ഥികളേയും എല്ലാ ദിവസവും ക്ലാസിലെത്തിക്കുകയെന്നത് ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഷിഫ്റ്റ് സമ്പ്രദായമായിരിക്കും. ഒരു ക്ലാസിലും ബെഞ്ചിലും നിശ്ചിത കുട്ടികളെ മാത്രമായിരിക്കും അനുവദിക്കുക. ഓരോ സ്കൂളിന്‍റെയും ഭൗതിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പ്രായോഗിക പദ്ധതി ആവിഷ്കരിക്കുക. എല്ലാ ദിവസവും ക്ലാസ് സാധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും തുടരും. സ്കൂള്‍ ബസുകള്‍ ലഭ്യമല്ലാത്തയിടത്ത് കുട്ടികളെ സ്കൂളിലെത്തിക്കാനായി ബദല്‍ മാര്‍ഗങ്ങളും ആവിഷ്കരിക്കും.
അതേസമയം സ്കൂൾ തുറക്കാൻ സർക്കാർ ഏകപക്ഷീയ തീരുമാനം എടുത്തെന്ന് ആരോപിച്ച് അധ്യാപകസംഘടനകൾ രംഗത്തുവന്നു. ആരോഗ്യ വകുപ്പ് മാത്രമല്ല തീരുമാനിക്കേണ്ടത്. അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ.പി.എസ്.ടിഎയും ആവശ്യമുന്നയിച്ചു.