'സീറ്റുകളും ബാച്ചുകളും വർധിപ്പിക്കില്ല, കണക്കുകൾ പ്രകാരമാണ് സംസാരിച്ചത്'; പ്രതിസന്ധിയില്ലെന്നാവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി
എസ്.എഫ്.ഐ ഒരു സ്വതന്ത്ര വിദ്യാർഥി സംഘടനയാണെന്നും അവർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മന്ത്രി
തിരുവനന്തപുരം: മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.'കണക്കുകൾ പ്രകാരമാണ് സംസാരിച്ചത്. അപേക്ഷകരുടെ എണ്ണത്തിൽ കള്ളം കാണിക്കാൻ കഴിയില്ല. സീറ്റുകളും ബാച്ചുകളും വർധിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല'. എസ്.എഫ്.ഐ ഒരു സ്വതന്ത്ര വിദ്യാർഥി സംഘടനയാണെന്നും അവർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ.പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കാനിരിക്കെ മലബാറിൽ 83,133 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ലെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷൻ ലഭിച്ചില്ല. വിഷയത്തിൽ എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.