ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: വിദ്യാഭ്യാസ മന്ത്രി
'സംസ്ഥാനത്ത് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകൾക്ക് തെറ്റിദ്ധാരണയുണ്ട്'
ആൺകുട്ടികളും പെൺകുട്ടികളും മാത്രം പഠിക്കുന്ന സ്കൂളുകൾ പി.ടി.എ തീരുമാനപ്രകാരം മിക്സഡ് സ്കൂളാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകൾക്ക് തെറ്റിദ്ധാരണയുണ്ട്. സർക്കാരിന് അത്തരമൊരു നീക്കമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ബാലുശ്ശേരി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുകയുണ്ടായി. ഷര്‍ട്ടും പാന്‍റ്സുമാണ് വേഷം. പിന്നാലെ പെണ്‍കുട്ടികള്‍ക്ക് പാന്‍റ്സ് അടിച്ചേല്‍പ്പിക്കുന്നു, വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു എന്നെല്ലാം ചില കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. ഹയർസെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30ന് ആരംഭിക്കും. കോവിഡ് വ്യാപനം കാരണം ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും ചോദ്യങ്ങൾ.