പൈപ്പില്‍ വെള്ളമില്ലെങ്കിലെന്താ? ബിൽ കൃത്യമായി വീട്ടിൽ എത്തുന്നുണ്ടല്ലോ!!

പൈപ്പ് കണക്ഷൻ എടുത്ത് 8 മാസം കഴിഞ്ഞിട്ടും വെള്ളമില്ല, പക്ഷേ, മാസാമാസം വാട്ടർ ബിൽ കൃത്യമായി വീട്ടില്‍ എത്തുന്നുണ്ട്...! ചോദിക്കുമ്പോള്‍ 'ഇപ്പോ ശരിയാക്കിത്തരാം' എന്ന് ഉദ്യോഗസ്ഥര്‍!

Update: 2022-02-07 03:15 GMT
Advertising

പൈപ്പ് കണക്ഷൻ എടുത്ത് 8 മാസം കഴിഞ്ഞിട്ടും തൃശൂർ അന്നമനട സ്വദേശി മനോജിന് വെള്ളം ലഭിക്കുന്നില്ലെങ്കിലും മാസാമാസം വാട്ടർ ബിൽ കൃത്യമായി വീട്ടില്‍ എത്തുന്നുണ്ട്...!  വെള്ളമെവിടെ എന്ന് ചോദിക്കുമ്പോള്‍ വെള്ളമെത്തിക്കാനായി കഠിന പ്രയത്നം നടത്തുകയാണെന്ന മറുപടിയാണ് ഇപ്പോഴും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്.

വേനൽ കാലത്ത് വെള്ളം കുടി മുട്ടാതിരിക്കാനാണ് കെ. ബി. മനോജ്‌ കുമാർ ജലനിധി പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷന് അപേക്ഷ കൊടുത്തത്. ദാ പിടിച്ചോ പൈപ്പ് കണക്ഷൻ... യുദ്ധ കാലാടിസ്ഥാനത്തിൽ കണക്ഷൻ ലഭിച്ചു, പക്ഷെ വെള്ളം മാത്രം കിട്ടിയില്ല... കുറ്റം പറയരുതല്ലോ, ചാലക്കുടി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മനോജിനെ മറന്നില്ല. വെള്ളം എത്തിക്കാന്‍ പറ്റിയില്ലെങ്കിലെന്താ എല്ലാ മാസവും കൃത്യമായി റീഡിംഗ് നോക്കി ബില്ല് നല്‍കുന്നുണ്ട്. മിനിമം ചാര്‍ജാണെങ്കിലും അടച്ചേ മതിയാകൂ!

പ്രശ്നം ചൂണ്ടിക്കാണിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും സാങ്കേതിക തകാരാറുകളും മറ്റും പറഞ്ഞ് ഇതുവരെയും നടപടിയെടുത്തില്ല. വെളളമില്ലെങ്കില്‍ കണക്ഷന്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിട്ടും അനക്കമില്ല. ബില്ല് ഈ മാസവും പതിവ് തെറ്റിക്കാതെ എത്തി. അതേസമയം, ചില ഭാഗങ്ങളിൽ വെള്ളം ലഭ്യമാകാൻ പൈപ്പിന്‍റെ പ്രശ്നങ്ങൾ അടക്കം ചില സാങ്കേതിക തടസങ്ങൾ നേരിടുന്നുണ്ടെന്നും ഇപ്പോള്‍ ശരിയാക്കിത്തരാമെന്നുമാണ് ഉദ്യോഗസ്ഥരുടെ മറുപടി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News