ഇലന്തൂർ നരബലി: പോസ്റ്റ്‌മോർട്ടം തുടരും,ബന്ധുക്കൾക്ക് വിട്ടുനൽകുക ഡിഎൻഎ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം
മൃതദേഹം വെട്ടി മുറിച്ചതിനാലും അഴുകിയതിനാലുമാണ് പോസ്റ്റുമോർട്ടത്തിന് കൂടുതൽ സമയം എടുക്കുന്നത്
ഇലന്തൂർ: ഇലന്തൂരിലെ നരബലിയിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം ഇന്നും തുടരും. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ലിസി ജോണിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മൃതദേഹം വെട്ടി മുറിച്ചതിനാലും അഴുകിയതിനാലുമാണ് പോസ്റ്റുമോർട്ടത്തിന് കൂടുതൽ സമയം എടുക്കുന്നത്.
ഡിഎൻഎ പരിശോധന ഫലം കൂടി ലഭിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകൂ. 56 കഷണങ്ങളായിട്ടാണ് പത്മയുടേതെന്ന് കരുതുന്ന മൃതദേഹം വെട്ടിമുറിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ കഷണങ്ങളും പ്രത്യേകമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മൃതദേഹം മറ്റാരുടേതോ മൃഗങ്ങളുടേതോ ആണോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതിനാൽ വളരെ സൂഷ്മമായിട്ടുള്ള പരിശോധനയാണ് നടക്കുന്നത്. ഇന്നലെ വരെ 36 കഷണങ്ങൾ പരിശോധിച്ചു എന്നാണ് വിവരം. രണ്ടാമത്തെ മൃതദേഹത്തിന്റെ അഞ്ച് കഷണങ്ങളുൾപ്പടെ ആകെ 61 കഷണങ്ങളാണ് പരിശോധനക്ക് വേണ്ടി ഫൊറൻസിക് വിഭാഗത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പൊലീസ് വെളിപ്പെടുത്തുന്നത് പോലെ ക്രൂരകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കണമെങ്കിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് നിർണായകമാണ്. അതുകൊണ്ടു തന്നെ സൂഷ്മമായ പോസ്റ്റ്‌മോർട്ടം നടപടികളാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്. ഇന്ന് 10 മണിക്ക് വീണ്ടുമാരംഭിക്കുന്ന പോസ്റ്റ്‌മോർട്ടം മൂന്ന് മണിക്കൂർ നീളുമെന്നാണ് വിവരം. ഇന്നലെ പതിനൊന്ന് മണിയോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. ആറരയോട് കൂടി അവസാനിക്കുകയും ചെയ്തു.
മൃതദേഹം വിട്ടുകിട്ടിയാൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പത്മയുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.പത്മയുടെ സഹോദരിയും മക്കളും ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.