ഇന്ത്യയിൽ ട്രെയിൻ തീവെപ്പും അതുവഴിയുള്ള വംശഹത്യയും ആരുടെ പദ്ധതിയാണെന്ന് എല്ലാവർക്കും അറിയാം-സുഹൈബ് സി.ടി
''കണ്ണൂരിൽ ഇടക്കിടെ സംഘിയുടെയും സഖാവിന്റെയുമൊക്കെ കൈയിൽനിന്ന് പൊട്ടുന്ന ബോംബുകൾക്ക് ഒരു ലിങ്കുമുണ്ടാവാറില്ല. അവരൊക്കെ ആരുടെയൊക്കെ പ്രസംഗങ്ങൾ കേട്ടാണ് ബോംബുണ്ടാക്കാൻ ഇറങ്ങിയതെന്ന വർത്തമാനങ്ങളുമുണ്ടാവില്ല.''
കോഴിക്കോട്: തുടക്കംമുതൽ ദുരൂഹത നിറഞ്ഞതാണ് എലത്തൂർ ട്രെയിൻ തീവെപ്പ് കേസെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള പ്രസിഡന്റ് സുഹൈബ് സി.ടി. സംഭവത്തിൽ കേരള പൊലീസ് ദുരൂഹത നീക്കാത്തതും വത്സൻ തില്ലങ്കേരി അടക്കമുള്ള സംഘ്പരിവാർ നേതാക്കളുടെ തീവ്രവാദ ആരോപണങ്ങളും ചേർത്തുവായിക്കുമ്പോൾ വലിയൊരു ഗൂഢാലോചന മണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ തീവെപ്പും അത് മുതലെടുത്തുകൊണ്ടുള്ള വംശഹത്യയും ഇന്ത്യയിൽ ആരുടെ പദ്ധതികളാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഡൽഹി വിട്ടങ്ങനെ പുറത്തൊന്നും പോയിട്ടില്ലാത്ത ഷാരൂഖ് സെയ്ഫിയെ ചുറ്റിപ്പറ്റിയുള്ള ഭീകരസംഘടനാ തിരക്കഥകളൊന്നും ഇല്ലാത്തതിനാലാണെന്ന് തോന്നുന്നു പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ലാത്ത സാക്കിർ നായിക്കിന്റെയും വർഷങ്ങൾക്കുമുൻപേ മരിച്ചുപോയ ഡോ. ഇസ്‌റാർ അഹ്മദിന്റെയുമൊക്കെ പ്രസംഗങ്ങളിലേക്ക് ചേർത്തുവക്കുന്നതും യു.എ.പി.എ ചുമത്തുന്നതും. ആളെക്കൊല്ലാനും തീവെക്കാനുമൊക്കെ ഇത്ര ബുദ്ധിമുട്ടി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരേണ്ട കാര്യമെന്താണെന്ന ചോദ്യങ്ങൾക്കൊന്നും ഇവിടെ ഒരുത്തരവുമില്ല. എന്നാൽ, കണ്ണൂരിൽ ഇടക്കിടെ സംഘിയുടെയും സഖാവിന്റെയുമൊക്കെ കൈയിൽനിന്ന് പൊട്ടുന്ന ബോംബുകൾക്ക് ഒരു ലിങ്കുമുണ്ടാവാറില്ല-ഫേസ്ബുക്ക് പോസ്റ്റിൽ സുഹൈബ് സി.ടി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തുടക്കം മുതലേ ദുരൂഹതകൾ നിറഞ്ഞതാണ് എലത്തൂർ ട്രെയിൻ തീവെക്കൽ സംഭവവും പ്രതിയായി പിടിക്കപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ കഥയും. കേരള പൊലീസ് ദുരൂഹത നീക്കാത്തതും വത്സൻ തില്ലങ്കേരിയുടേതടക്കമുള്ള സംഘ്പരിവാർ നേതാക്കളുടെ ഷഹീൻബാഗിലേക്ക് ചേർത്തുവച്ച് കൊണ്ടുള്ള മുസ്‌ലിം തീവ്രവാദ ആരോപണങ്ങളുന്നയിക്കാൻ കാണിച്ച ആവേശവും കൂട്ടിവായിക്കുമ്പോൾ വലിയൊരു ഗൂഢാലോചന ഇതിനു പിന്നിൽ മണത്തിരുന്നു.
ട്രെയിൻ തീവെപ്പും അത് മുതലെടുത്തുകൊണ്ടുള്ള വംശഹത്യയും ഇന്ത്യയിൽ ആരുടെ പദ്ധതികളാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ഇതിനുപിന്നിലുള്ള തിരക്കഥകൾ ഇപ്പോൾ കുറച്ചുകൂടി വ്യക്തമാവുകയാണ്. ഡൽഹി വിട്ടങ്ങനെ പുറത്തൊന്നും പോയിട്ടില്ലാത്ത ഷാരൂഖ് സെയ്ഫിയെ കണക്ട് ചെയ്തുണ്ടാക്കാൻ പറ്റിയ ഭീകര സംഘടനാ തിരക്കഥകളൊന്നുമില്ലാത്തതിനാലാണെന്ന് തോന്നുന്നു പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ലാത്ത സാക്കിർ നായിക്കിന്റെയും വർഷങ്ങൾക്കുമുൻപേ മരിച്ചുപോയ ഡോ. ഇസ്‌റാർ അഹ്മദിന്റെയുമൊക്കെ പ്രസംഗങ്ങളിലേക്ക് ചേർത്തുവക്കുന്നതും യു.എ.പി.എ ചുമത്തുന്നതും.
യു.എ.പി.എക്ക് പിന്നെ കൃത്യമായ മതവും ജാതിയുമുള്ളതുകൊണ്ട് കാര്യങ്ങൾ എളുപ്പവുമാണ്. റാഡിക്കലൈസ്ഡ് ആണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആളെക്കൊല്ലാനും തീവെക്കാനുമൊക്കെ ഇത്ര ബുദ്ധിമുട്ടി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരേണ്ട കാര്യമെന്താണെന്ന ചോദ്യങ്ങൾക്കൊന്നും ഇവിടെ ഒരുത്തരവുമില്ല.
അതേസമയം, കണ്ണൂരിൽ ഇടക്കിടെ സംഘിയുടെയും സഖാവിന്റെയുമൊക്കെ കൈയിൽനിന്ന് പൊട്ടുന്ന ബോംബുകൾക്ക് ഒരു ലിങ്കുമുണ്ടാവാറില്ല. അവരൊക്കെ ആരുടെയൊക്കെ പ്രസംഗങ്ങൾ കേട്ടാണ് ബോംബുണ്ടാക്കാൻ ഇറങ്ങിയതെന്ന വർത്തമാനങ്ങളുമുണ്ടാവില്ല...