എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: ഭീകര വിരുദ്ധ സ്‌ക്വാഡ് കോഴിക്കോട്ടെത്തി
മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എടിഎസ് ആണ് എത്തിയത്
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡ് കോഴിക്കോട് എത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എടിഎസ് ആണ് എത്തിയത്.
തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് നിലവിൽ ഭീകരവിരുദ്ധ സ്‌ക്വാഡ് എത്തിയിരിക്കുന്നത്. ഷാരൂഖിനെ ആദ്യം കസ്റ്റഡിയിലെടുത്ത മഹാരാഷ്ട്ര എടിഎസും കോഴിക്കോട്ടെത്തിയിട്ടുണ്ട്. പ്രതി നേരത്തേ ഉത്തർപ്രദേശിൽ ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള സംഘമെത്തിയിരിക്കുന്നത്. തെലങ്കാനയിൽ നിന്നുള്ള സംഘത്തിന്റെ വരവിന് പിന്നിലെന്തെന്നതിനെ കുറിച്ച് കൂടുതൽ വിവരമില്ല.
ഈ മൂന്ന് സംസ്ഥാനങ്ങളിലും നടന്ന തീവ്രവാദ സംഭവങ്ങളിലേതിലെങ്കിലും ഷാരൂഖ് സെയ്ഫിക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സംഘം പരിശോധിക്കും. കേസ് എൻഐഎ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമായേക്കും.
ചോദ്യം ചെയ്യൽ ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴും താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഷാരൂഖ് സെയ്ഫി. പതിനഞ്ച് മണിക്കൂറോളം പ്രതി ഷൊർണൂരിൽ ചിലവഴിച്ചതായി കണ്ടെത്തിയെങ്കിലും ആക്രമണത്തിനായി പുറത്ത് നിന്ന് സഹായം ലഭിച്ചു എന്നതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.