എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ലഭിച്ചാൽ കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും

Update: 2023-04-08 06:13 GMT
Advertising

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. തീ വെപ്പിന്റെ ആസൂത്രണത്തിലും പ്രേരണയിലും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നാണ് അന്വേഷണം. ഷാരൂഖ് തീവ്ര ആശയങ്ങളുടെ വക്താവാണോയെന്നും നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ലഭിച്ചാൽ കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും. എന്നാൽ തീവ്രവാദ ബന്ധം ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്ന നിലപാടിലാണ് സംസ്ഥാന പൊലീസുള്ളത്.

അതേസമയം ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പമ്പിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഷൊർണൂർ ഡി.വൈ.എസ്.പി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സെയ്ഫി കയറിതും ഷൊർണൂരിൽ നിന്നാണ്. ഇയാളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

എലത്തൂരിലും ട്രെയിൻ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണം നടത്തി മഹാരാഷ്ട്രയിലെ രത്നഗിരി വരെ ഷാരൂഖ് സെയ്ഫി എങ്ങനെ എത്തി തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. സമ്പർക് ക്രാന്തി എക്സ്പ്രസിൽ ഷൊർണൂരിൽ വന്നിറങ്ങിയ ശേഷം റെയിൽവേസ്റ്റേഷന് സമീപത്തെ ഒരു പമ്പിൽ നിന്നും കുപ്പിയിൽ പെട്രോൾ വാങ്ങിയ ശേഷം ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ യാത്ര തിരിച്ചുവെന്നാണ് ഷാരൂഖ് സെയ്ഫി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി.

ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. ട്രെയിനിന് തീവെച്ചത് എന്തിന്? കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ? തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ? ആക്രമണം നടത്തി മഹാരാഷ്ട്രയിലെ രത്നഗിരി വരെ ഷാരൂഖ് സെയ്ഫി എങ്ങനെയെത്തി തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

ഇതെല്ലാം അന്വേഷണസംഘം വിശദമായി ചോദിച്ചറിയും. സെയ്ഫിയെ ആക്രമണം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്കിലും , ഡി വൺ, ഡി 2 ബോഗികളുള്ള കണ്ണൂരിലുമെത്തിച്ച് തെളിവെടുക്കും. ഇത് ഇന്നുണ്ടാകുമോ എന്ന് വ്യക്തമല്ല. എലത്തൂരിലെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗും നോട്ട് ബുക്കിലെ കയ്യക്ഷരവും ഷാരൂഖ് സെയ്ഫിയുടേത് തന്നെയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കൊലക്കുറ്റം, ട്രെയിനിൽ തീകൊളുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 11 ദിവസത്തേക്കാണ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽവിട്ടത്. കോഴിക്കോട് മാലൂർകുന്നിലെ പൊലീസ് ക്യാംപിലാണ് ഷാരൂഖ് സെയ്ഫിയുള്ളത്.സെയ്ഫിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News