എല്‍ദോസ് കുന്നപ്പിള്ളിലിനെ തേടി പൊലീസ്; അറസ്റ്റ് ചെയ്യുന്നതില്‍ ആശയക്കുഴപ്പം
ജാമ്യാപേക്ഷയിൽ വിധി വരും മുൻപ് അറസ്റ്റ് ചെയ്യാനാകുമോ എന്നതിലാണ് സംശയം
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയതോടെ എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. ജാമ്യാപേക്ഷയിൽ വിധി വരും മുൻപ് അറസ്റ്റ് ചെയ്യാനാകുമോ എന്നതിലാണ് സംശയം. എങ്കിലും ഒളിവിലുള്ള എൽദോസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.
എൽദോസ് കുന്നപ്പിള്ളിലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായെങ്കിലും വിധി പറയാൻ 20ലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ വിധി വരും മുൻപ് എൽദോസിനെ അറസ്റ്റ് ചെയ്യാനാകുമോ എന്നതിലാണ് പൊലീസ് വ്യക്തത തേടുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയുന്നതായി കോടതി പറഞ്ഞിട്ടില്ല. അതിനാൽ നിയമപരമായി അറസ്റ്റിന് തടസമില്ല.
എന്നാൽ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന പതിവില്ല. ഈ സാഹചര്യത്തിലാണ് വിധി വരും വരെ കാത്തിരിക്കണോ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യണോയെന്ന് പൊലീസ് ആലോചിക്കുന്നത്. അഭിഭാഷകരുടെ അഭിപ്രായത്തിനൊപ്പം സർക്കാരിന്‍റെ രാഷ്ട്രീയ തീരുമാനവും ഇക്കാര്യത്തിൽ നിർണായകമാവും.
എന്തായാലും എം.എൽ.എയുടെ ഒളിയിടം കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനൊപ്പം എം.എൽ.എയ്ക്ക് എതിരായ പരമാവധി തെളിവുകൾ കണ്ടെത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.