എൽദോസ് വീണ്ടും ക്രൈംബ്രാഞ്ച് സംഘത്തിനു മുമ്പിൽ ഹാജരാകും; ചോദ്യം ചെയ്യല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍
വരും ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് സംഘത്തിനു മുമ്പിൽ ഹാജരാകും. മുൻകൂർ ജാമ്യ വ്യവസ്ഥയിലെ നിർദേശപ്രകാരമാണ് ഇന്ന് വീണ്ടും ഹാജരാകുന്നത്. ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ എൽദോസ് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്ന് ഫോൺ ഹാജരാക്കാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം കടന്നാൽ അറസ്റ്റിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനും നീക്കമുണ്ട്.
കേസില്‍ പ്രതിയായ എല്‍ദോസിനെതിരെ പാര്‍ട്ടി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. കെ.പി.സി.സി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. കെ.പി.സി.സിയുടെ എല്ലാ ചുമതലകളിൽ നിന്നുമാണ് നീക്കിയത്. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രത പുലര്‍ത്തിയില്ലെന്നും കെ.പി.സി.സി അറിയിച്ചു.
ആറ് മാസത്തേക്ക് കെ.പി.സി.സി, ഡി.സി.സി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം. എം.എൽ.എയ്ക്കെതിരായ തുടര്‍ നടപടികള്‍ കോടതി വിധിക്ക് ശേഷം ഉണ്ടാവുമെന്ന് കെ.പി.സി.സി അറിയിച്ചു.