തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം; ഭിന്നശേഷിക്കാര്‍ക്കായി തെരഞ്ഞെടുപ്പ് റിഹേഴ്‌സല്‍

ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ രക്ഷാ സ്‌പെഷ്യല്‍ സ്‌കൂളിലാണ് റിഹേഴ്‌സല്‍ നടത്തിയത്

Update: 2024-03-23 01:53 GMT
Advertising

കൊച്ചി: ഇലക്ഷന്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം ഭിന്നശേഷിക്കാര്‍ക്കായി തെരഞ്ഞെടുപ്പ് റിഹേഴ്‌സല്‍ നടത്തി. ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ രക്ഷാ സ്‌പെഷ്യല്‍ സ്‌കൂളിലാണ് റിഹേഴ്‌സല്‍ നടത്തിയത്. ഇതോടൊപ്പം വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കുന്നതിനുള്ള അവസരവും ഒരുക്കി.

ലോക്‌സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുമ്പോള്‍ രക്ഷയില്‍ നടന്ന തെരെഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായി. വോട്ടെടുപ്പ് ദിവസമാണോയെന്ന് തോന്നുന്ന രീതിയിലായിരുന്നു രക്ഷയിലെ ഒരുക്കങ്ങള്‍. പോളിങ് സ്റ്റേഷനും പോളിങ് ബൂത്തും പ്രിസൈഡിങ് ഓഫിസര്‍മാരും സുരക്ഷാ ജീവനക്കാരും വോട്ടര്‍മാരും സ്ഥാനാര്‍ഥികളും അടങ്ങുന്നതായിരുന്ന് റിഹേഴ്‌സല്‍. ഭിന്നശേഷിക്കാര്‍ക്കിടയില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ഒരുക്കിയ സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് രക്ഷാ സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഒരുക്കിയത്.

സാധാരണ തെരഞ്ഞെടുപ്പ് പോലെ വിജ്ഞാപനം പുറപ്പെടുവിച്ചു. രക്ഷാ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഗിരിജ നാഥ് മേനോനെ ഭരണാധികാരിയായി നിശ്ചയിച്ചു. നാല് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക അംഗീകരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ദിവസം വരെ സ്ഥാനാര്‍ഥികളുടെ വോട്ടഭ്യര്‍ഥനയും പ്രകടനവും പോസ്റ്റര്‍ പ്രചരണവുമെല്ലാം നടന്നു. കലാശക്കൊട്ടും ഗംഭീരമാക്കി. വോട്ടെടുപ്പ് തലേ ദിവസം നിശബ്ദ പ്രചരണം എല്ലാം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് പോലെ തന്നെ നടന്നു.

പതിനെട്ട് വയസ് പിന്നിട്ട വോട്ടവകാശമുള്ള 72 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇന്നലെ തന്നെ വോട്ടെണ്ണല്‍ പ്രക്രിയയും നടന്നു. 24 വോട്ട് നേടിയ ഗ്യാവിന്‍ ജോസഫ് വിജയിച്ച് രക്ഷയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി അബിയ മോളെ ഗ്യാവിന്‍ ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ബോധവല്‍ക്കരണ പരിപാടി കൊച്ചി തഹസില്‍ദാര്‍ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് ജില്ലാ കോര്‍ഡിനേറ്ററും കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറുമായ ജോസഫ് ആന്റണി ഹെര്‍ട്ടിസ് പദ്ധതി വിശദീകരിച്ചു. രക്ഷാ ചെയര്‍മാന്‍ ഡബ്‌ളിയു.സി തോമസ്, എലിസബത്ത് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News