'ഇത് രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയം,സർക്കാർ ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകളും തേടും'; കെ.സി.വേണുഗോപാൽ
ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ലെന്നും കെ.സി മീഡിയവണിനോട്
ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ പോരാട്ട വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിന് ഏറ്റ പ്രഹരമാണിത്.ബുള്‍ഡോസര്‍ കൊണ്ട് രാജ്യത്തെ ഇടിച്ചു നിരത്താന്‍ ഇനി മോദിക്കാവില്ല. സർക്കാർ ഉണ്ടാക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഇന്‍ഡ്യ മുന്നണി വന്നാൽ താൻ മന്ത്രിയാകുന്ന കാര്യം പാർട്ടി തീരുമാനിക്കും. മന്ത്രിയാകുന്നതോടെ തീരുന്നതല്ല രാഷ്ട്രീയ പ്രവർത്തനമെന്നും കെ.സി മീഡിയവണിനോട് പറഞ്ഞു.
ആലപ്പുഴയിലെ എൻഡിഎ മുന്നേറ്റം പരിശോധിക്കും. ആലപ്പുഴയിലെ എൻഡിഎയിലേക്ക് എൽഡിഎഫിൽ നിന്ന് വോട്ടുചോർച്ച ഉണ്ടായെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. ഹരിപ്പാട് ഭൂരിപക്ഷം കുറഞ്ഞത് പഠിക്കും.ലഭിച്ചത് പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.