ഏഴ് വര്‍ഷത്തിനിടെ മൂന്ന് തവണ വൈദ്യുത നിരക്ക് കൂട്ടി; കെ.എസ്.ഇ.ബിക്ക് അധികമായി ലഭിച്ചത് 2000 കോടിയിലേറെ
കൃത്യമായി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പകരം ഈ വര്‍ഷവും വൈദ്യുത നിരക്ക് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി ശിപാര്‍ശ ചെയ്തു
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ. അടുത്ത നിരക്ക് വർധന ഈ വര്‍ഷം നടപ്പിലാക്കാനിരിക്കെയാണ് കണക്കുകള്‍ നിയമസഭയില്‍ സമര്‍പ്പിച്ചത്.
2017, 19, 22 വര്‍ഷങ്ങളിലാണ് കെ.എസ്.ഇ.ബിയുടെ ആവശ്യ പ്രകാരം വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ വൈദ്യുത നിരക്ക് കൂട്ടിയത്. നിരക്ക് വര്‍ധന വഴി 2017-18ല്‍ 550 കോടി, 2019-20ല്‍ 902.40 കോടി, 2022-23ല്‍ 760 കോടി രൂപയും കിട്ടി. ആകെ 2212.4 കോടി രൂപ അധികമായി ലഭിച്ചു. പ്രതിപക്ഷ ചോദ്യത്തിന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി രേഖാമൂലമാണ് കണക്ക് നിയമസഭയില്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് പ്രകാരം കെ.എസ്.ഇ.ബിയുടെ നഷ്ടം 1023.62 കോടിയാണ്. സഞ്ചിത നഷ്ടം 29,344.78 കോടിയും. കുടിശ്ശികയായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നടക്കം പിരിച്ചെടുക്കേണ്ടത് 3585.69 കോടി രൂപയാണ്. കുടിശ്ശിക പിരിച്ചെടുത്തത് വെറും 300 കോടി മാത്രം. കൃത്യമായി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പകരം ഈ വര്‍ഷവും വൈദ്യുത നിരക്ക് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇപ്പോള്‍ എല്ലാ മാസവും ഇന്ധന സര്‍ചാര്‍ജും ജനങ്ങളില്‍ നിന്ന് പിരിക്കുകയാണ്.