തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ദേവസ്വം ഓഫീസർക്ക് കോടതിയലക്ഷ്യ നോട്ടീസ്
'സാമാന്യബുദ്ധി ഉണ്ടോയെന്ന്' ദേവസ്വം ഓഫീസറോട് ഹൈക്കോടതി
എറണാകുളം: തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പ് വിഷയത്തിൽ ദേവസ്വം ഓഫീസർക്കെതിരെ ശകാരവുമായി ഹൈക്കോടതി. നേരിട്ട് ഹാജരായ ദേവസ്വം ഓഫീസറോട് ദേവസ്വം ഓഫീസറുടെ ചുമതലകൾ എന്തൊക്കെ, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ വന്നാൽ എന്ത് ചെയ്യും, ഭക്തർ വന്ന് പറഞ്ഞാൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇരിക്കുമോ എന്നീ ചോദ്യങ്ങളുന്നയിച്ചു. ചെറിയ ബുദ്ധിയിൽ തോന്നുന്ന കാര്യങ്ങൾ ഇവിടെ ഇറക്കാൻ നിൽക്കരുതെന്ന് ഓഫീസറോട് പറഞ്ഞ കോടതി സാമാന്യ ബുദ്ധിയുണ്ടോ എന്നും ചോദ്യമുന്നയിച്ചു.
മഴയും ആൾക്കൂട്ടവും വരുമ്പോൾ അപകടമുണ്ടാകാതിരിക്കാനാണ് മാർഗ്ഗ നിർദ്ദേശങ്ങൾ, വരാനിരിക്കുന്ന പൂരം കാണാൻ പോകുന്നത് ദേവസ്വം ഓഫീസറാണെന്നും കോടതി പറഞ്ഞു. ദുരന്തമുണ്ടായാൽ ആരാണ് ഉത്തരവാദിയെന്ന് ചോദ്യമുന്നയിച്ച കോടതി ചുറ്റുമുള്ള ആളുകളെക്കുറിച്ച് ഒരു ചിന്തയുമില്ലേ എന്നും ചോദിച്ചു. കുറേ പടക്കം പൊട്ടിക്കും, ആനയെ കൊണ്ടുവരും. ഉത്സവാദി ചടങ്ങുകൾ നടത്താനല്ല ക്ഷേത്രത്തിൽ തന്ത്രി. ബിംബത്തിന് ചൈതന്യം നിലനിർത്തുകയാണ് തന്ത്രിയുടെ ചുമതല. എത്രലക്ഷം നൽകിയും ആനയെ കൊണ്ടുവരും എന്നാൽ ക്ഷേത്രങ്ങളിൽ മര്യാദയ്ക്ക് നിവേദ്യം ഇല്ല, നിവേദ്യം വയ്ക്കുന്ന ഇടം കണ്ടാൽ ആളുകൾ ഓടുമെന്നും കോടതി പറഞ്ഞു
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ അഫിഡവിറ്റ് സ്വീകരിക്കാതിരുന്ന കോടതി സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
മാർഗ നിർദേശങ്ങൾ ധിക്കരിക്കാൻ ആരാണ് പറഞ്ഞതെന്ന് ചോദ്യമുന്നയിച്ച കോടതി ദേവസ്വം ഓഫീസർക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളിൽ മറുപടി പറയണമെന്നാണ് കോടതി നിർദേശം.
ആന എഴുന്നള്ളിപ്പിൽ ക്ഷേത്രം ഭാരവാഹികളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരവാഹികൾ ചെയ്തതു ജാമ്യമില്ലാ കുറ്റമാണെന്നും മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആനകളുടെ എഴുന്നളളിപ്പിൽ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.