സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ ഭീതിപരത്തിയ ആനക്കായുള്ള തെരച്ചിൽ ഇന്നും തുടരും
ഇന്നുതന്നെ ആനയെ മയക്കുവെടി വെക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വനപാലകർ
വയനാട്: സുൽത്താൻ ബത്തേരിയിൽ നഗരമധ്യത്തിൽ ഭീതിപരത്തിയ പിഎം2 ആനക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മയക്കുവെടി വിദഗ്ധരും കുങ്കിയാനകളുമടങ്ങുന്ന 150 അംഗ വനപാലക സംഘം ഇന്നലെ രാവിലെ എട്ടുമണി മുതലാരംഭിച്ച തെരച്ചിൽ, ഇരുട്ട് വീണതോടെ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ആനയെ കൃത്യമായി കണ്ടെത്തിയെങ്കിലും അതിവേഗം സഞ്ചരിക്കുന്നതിനാലും കൂടെ മറ്റൊരു കൊമ്പൻ കൂടിയുള്ളതിനാലും വനപാലകർക്ക് വെടിവെക്കാനായിരുന്നില്ല. ആനയെ പിടികൂടാനാവശ്യമായ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ വനപാലകർ, ഇന്നുതന്നെ ആനയെ മയക്കുവെടിവെക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
അതിനിടെ, ആനയെ പിടികൂടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഇന്നലെ യൂത്ത് ലീഗ് പ്രവർത്തകർ സുൽത്താൻ ബത്തേരി നഗരത്തിൽ വനംവകുപ്പ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. മയക്കുവെടി വെക്കാനുള്ള ഉത്തരവിറങ്ങിയതിലെ കാല താമസം സംബന്ധിച്ച് വനം മന്ത്രിയും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി.