ഏലൂരിലെ മലിനീകരണം കണക്കിലില്ല; പ്രതിഷേധവുമായി നാട്ടുകാർ
വ്യവസായ ശാലകളെ ഉദ്യോഗസ്ഥർ വെള്ളപൂശുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം
എറണാകുളം ഏലൂരിലെ മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ ഓരോ ദിവസവും കൂടുകയാണ്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന ഫലങ്ങളിൽ ഇതൊന്നും പ്രതിഫലിക്കുന്നില്ല. പ്രദേശത്തെ വ്യവസായ ശാലകളെ ഉദ്യോഗസ്ഥർ വെള്ളപൂശുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. മുൻപ് മാലിന്യം തള്ളുന്നതിന് ഇടവേളകൾ ഉണ്ടായിരുന്നുവെങ്കിൽ, കഴിഞ്ഞ ഒരു മാസമായി സ്ഥിതി മാറി.
മാലിന്യം ബണ്ടിന് അടുത്തെത്തുമ്പോൾ ഷട്ടർ ഉയർത്തി ഒഴുക്കി കളയുന്നതും പതിവ് കാഴ്ച തന്നെ. ഏലൂരിലെ വായുവിന്റെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ഏലൂരിലെ വായുഗുണ നിലവാരം 62 ആണ്. അതുകൊണ്ട് തന്നെ ഇ.എസ്.ഐ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള വായു ഗുണനിലവാരം അളക്കുന്ന ഉപകരണത്തിന്റെ വിശ്വാസ്യതയെ നാട്ടുകാർ ചോദ്യം ചെയ്യുന്നു. എഫ്.എ.സി.ടി ജംഗ്ഷനിലെ ഗുണനിലവാര സൂചിക കാണിക്കുന്ന ഡിസ്പ്ലേ ഒരു വർഷമായി ഒരേ റീഡിങ് ആണ് കാണിക്കുന്നതെന്നാണ് പ്രദേശവാസികൾ തന്നെ പറയുന്നത്.