കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക; പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകാൻ നടപടി വേണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകാൻ നടപടി വേണമെന്നാണ് ആരോഗ്യ വകുപ്പിന് നല്‍കിയ നിര്‍ദേശം.
ആദിവാസി മേഖലയിൽ നിന്ന് നിയമിക്കുമ്പോൾ യഥാസമയം വേതനം ഉറപ്പാക്കണം. ഇക്കാര്യം ആരോഗ്യ വകുപ്പ് മനസിലാക്കേണ്ടതായിരുന്നു. മൂന്ന് മാസം ശമ്പളം മുടങ്ങിയത് ഗുരുതര വിഷയമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മുഖേന നിയമിതരായ 140 പേരുടെ മൂന്ന് മാസത്തെ ശമ്പളമാണ് മുടങ്ങിയിരുന്നത്. ഏപ്രിലിലാണ് അവസാനമായി ശമ്പളം കിട്ടിയതെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ പ്രധാന ചികിത്സ കേന്ദ്രമാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ശമ്പളം മുടങ്ങിയ ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.