അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച; ജി. സുധാകരനെതിരായ അന്വേഷണത്തിന് രണ്ടംഗ കമ്മീഷന്‍

കെ.ജെ തോമസും, എളമരം കരീമും അടങ്ങിയ രണ്ടംഗ അന്വേഷണ കമ്മീഷൻ ഈ മാസം 25ന് ആലപ്പുഴയിലെത്തും.

Update: 2021-07-18 14:57 GMT
Advertising

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി. സുധാകരനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ജില്ലാ കമ്മിറ്റി അംഗീകരിച്ചു. രണ്ടംഗ അന്വേഷണ കമ്മീഷൻ ഈ മാസം 25ന് ആലപ്പുഴയിലെത്തും. കെ.ജെ തോമസും, എളമരം കരീമുമാണ് കമ്മീഷന്‍ അംഗങ്ങള്‍. തനിക്കെതിരെ ഉയര്‍ന്ന വിമർശനങ്ങളോട് ജി. സുധാകരൻ ജില്ലാ കമ്മിറ്റിയിൽ പ്രതികരിച്ചില്ല. എല്ലാം കമ്മീഷനു മുന്നിൽ പറയുമെന്നാണ് നിലപാട്.

ഇതിനു പുറമെ, ആലപ്പുഴ നൂറനാട് പടനിലം സ്‌കൂളിലെ ഫണ്ട് തിരിമറിയിൽ സുധാകരപക്ഷത്തുള്ള നേതാക്കളോട് വിശദീകരണം തേടാനും സി.പി.എം ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ രാഘവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിശദീകരണം തേടാനാണ് ഇന്ന് ചേർന്ന യോഗം തീരുമാനിച്ചത്. ഇവർ കുറ്റക്കാരാണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി അംഗീകരിച്ചു.

അതേസമയം, ആലപ്പുഴ ജില്ലയില്‍  ഏഴിടത്ത് തോൽക്കുമെന്ന് ഒരു മുതിർന്ന നേതാവ് പ്രചാരണം നടത്തി, ഇത് എന്തിനെന്ന് പാർട്ടി അന്വേഷിക്കണമെന്ന് എ.എം ആരിഫ് എം.പി ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ജി സുധാകരന്‍റെ പേരെടുത്ത് പറയാതെയായിരുന്നു എ.എം ആരിഫിന്‍റെ ഒളിയമ്പ്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News