പ്രവർത്തകരുടെ ആവേശ സ്വീകരണം; വിട്ടുനിന്ന് ഒരു വിഭാഗം നേതാക്കൾ- തരൂരിന്റെ കോട്ടയം പര്യടനം ഇങ്ങനെ
അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കമാണ് ഒരു വിഭാഗം നേതാക്കൾ നടത്തുന്നത്.
കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂരിന് കോട്ടയത്ത് വൻ സ്വീകരണം. ഈരാറ്റുപേട്ടയിൽ നടന്ന പരിപാടിയിൽ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളടക്കം പങ്കെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നപ്പോൾ നിരവധി പ്രവർത്തകരാണ് പാലായിലെയും ഈരാറ്റുപേട്ടയിലെയും പരിപാടിയിൽ പങ്കെടുത്തത്.
ഡിസിസി നേതൃത്വത്തെ അറിയിക്കാതെ നടത്തിയ പരിപാടി എന്ന വിമർശമാണ് ആദ്യം മുതലേ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനത്തിന് ഉണ്ടായിരുന്നത്. ജില്ലയിലെ പ്രമുഖ നേതാക്കൾ ശശി തരൂരിന്റെ പരിപാടികൾ ബഹിഷ്‌കരിച്ചെങ്കിലും വമ്പിച്ച സ്വീകരണമാണ് പാലായിലും ഈരാറ്റുപേട്ടയിലും തരൂരിന് ലഭിച്ചത്.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ടായിരുന്നു കോട്ടയം ജില്ലയിലെ പര്യടനം തരൂർ തുടങ്ങിയത്. പിന്നീട് കെ.എം ചാണ്ടി അനുസ്മരണ ചടങ്ങിലും പങ്കെടുത്തു. പാലാ ബിഷപ്പിനെയും ബിഷപ്പ് ഹൗസിലെത്തി ശശി തരൂർ സന്ദർശിച്ചു. അറിയിക്കേണ്ടവരെ അറിയിച്ചാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നത് എന്നായിരുന്നു തരൂർ വിശദീകരണവും നൽകി.
അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കമാണ് ഒരു വിഭാഗം നേതാക്കൾ നടത്തുന്നത്. വി.ഡി സതീശൻ വിഭാഗത്തിന്റെ പിന്തുണയും പിന്നിലുണ്ട്.
ശശി തരൂരിന്റെ പരിപാടിക്ക് പിന്തുണയുമായി പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻ രാജും എത്തിയിരുന്നു. പത്തനംതിട്ട ഡിസിസി എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു മോഹൻരാജിന്റെ കൂടിക്കാഴ്ച. ആന്റോ ആന്റണി എംപിയും തരൂരുമായി വേദി പങ്കിട്ടു.