'നടക്കുന്നത് വ്യക്തിഹത്യ, ഭാരവാഹികള്‍ ക്ഷണിച്ചിട്ടാണ് ക്ഷേത്രത്തിലെത്തിയത്'; ഇ.പി ജയരാജൻ
സി.പി.എം ജാഥയിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഇപി
കണ്ണൂർ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെ കണ്ടതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന മുരളി വിളിച്ചതനുസരിച്ചാണ് ക്ഷേത്രത്തിൽ പോയതെന്ന് ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
'തനിക്കെതിരെ മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുകയാണ്. പയ്യന്നൂർ സ്വദേശിയായ യുവാവ് കരൾമാറ്റ ശസ്ത്രക്രിയക്കായി കൊച്ചിയിലെ ആശുപത്രിയിൽ അഡ്മിറ്റാണ്. ആ രോഗിയെ കാണാനാണ് കൊച്ചിയിലെത്തിയത്. 11 മണിയോടെ ആശുപത്രിയിൽ എത്തി. കണ്ണൂരിലേക്ക് പോകാനായി മൂന്ന് മണിയുടെ ട്രെയിൻ ടിക്കറ്റ് എടുത്തിരുന്നു. റെയിൽവെ സ്‌റ്റേഷനിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ക്ഷേത്രഭാരവാഹി കൂടിയായ മുരളി ഫോണിൽ വിളിക്കുന്നത്. സമയമുണ്ടെങ്കിൽ വെണ്ണലയിലെ ക്ഷേത്രത്തിൽ വരാമോ എന്ന് ചോദിച്ചു. എനിക്ക് ട്രെയിനിന് സമയം ഏറെയുള്ളതിനാലാണ് ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'ക്ഷേത്രത്തിലെത്തിയപ്പോള്‍ തോമസ് മാഷും അവിടെ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രായമായ അമ്മയെ ആദരിക്കണമെന്ന് അവർ പറഞ്ഞത്. അവിടെയുള്ളവർ തന്നെ ഷാൾ കൊണ്ടുതന്നു. ഞാൻ അത് അണിയിക്കുകയും ചെയ്തു. അവിടെ നന്ദകുമാറും ഉണ്ടായിരുന്നു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. പോകാൻ ഒരുങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചത്. ആകെ 10 പേര് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇത്രയുമാണ് സംഭവിച്ചത്.' ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എം ജാഥയിൽ പങ്കെടുക്കുമെന്ന സൂചനയും ഇ.പി ജയരാജൻ നല്‍കി. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ എത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അരമണിക്കൂർ മാത്രം ആയുസുള്ള പ്രചാരണമാണ് മാധ്യമങ്ങളുടേത് എന്നും ഇ.പി ജയരാജൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന സിപിഎം ജനകീയ പ്രതിരോധന ജാഥയുടെ തലേദിവസമായിരുന്നു ഇ.പി ജയരാജൻ കൊച്ചിയിലെത്തിയത്. സിപിഎം പരിപാടിയിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ കൊച്ചിയിലെത്തിയത് ചർച്ചയായിക്കഴിഞ്ഞു.സിപിഎം പ്രതിരോധ ജാഥയുടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കാത്തതത് ഏറെ വിവാദമായിരുന്നു. എന്നാൽ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജൻ കൊച്ചിയിൽ എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്. ജാഥയിൽ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റൻ കൂടിയായ എം.വി ഗോവിന്ദൻ പറഞ്ഞത്.