'എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്?'; മാസപ്പടി വിവാദത്തിൽ ഇ.പി ജയരാജൻ
"തോറ്റ പണി ചെയ്യുന്നത്. അതുകൊണ്ട് ഇത് മഹാപാപമാണ്"
കോട്ടയം: ഇടത് ഗവൺമെന്റിനെ ആക്രമിക്കാനാണ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാസപ്പടി ആരോപണം ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സേവനത്തിന് കൺസൽട്ടൻസി ഫീസ് വാങ്ങിയതിൽ എന്ത് തെറ്റാണ് ഉള്ളത് എന്നും എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ ഇങ്ങനെ ഫീസ് വാങ്ങുന്നുണ്ട് എന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
'എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൽട്ടന്റായി പ്രവർത്തിക്കുന്നുണ്ട്. എന്താ തെറ്റ്? കൺസൽട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിട്ടുള്ളത്. അവർ ടിഡിഎസ് ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയ ആൾ വാങ്ങിയ പണത്തിന്റെ ഇൻകം ടാക്‌സ് അടച്ചിട്ടുണ്ട്. പിന്നെ എന്താ അതിൽ തെറ്റ്. എല്ലാം ബാങ്ക് വഴിയാണ്. കൺസൽട്ടൻസി പാടില്ലേ? എല്ലാം വളരെ കൃത്യം. എന്തിനാ ഇത്? ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ഗവൺമെന്റിനെ ആക്രമിക്കാൻ എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്. തോറ്റ പണി ചെയ്യുന്നത്. അതുകൊണ്ട് ഇത് മഹാപാപമാണ്. ഇത് തെറ്റാണ്.' - ജയരാജൻ പറഞ്ഞു.
2017ലെ സംഭവമാണ് ഇതെന്നും ഇക്കാര്യങ്ങളെല്ലാം പരസ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആർക്കാണ് ആരോപണം. ഒരു ബോർഡും ആരോടും വിശദീകരണം ചോദിച്ചിട്ടില്ല. കൊടുത്തവർക്കും വാങ്ങിയവർക്കും പരാതിയില്ല. എല്ലാ കാര്യങ്ങളും അക്കൗണ്ട് പേ അല്ലേ. ഇത് സൈറ്റിൽ കിട്ടുകില്ലേ. ഇത് രഹസ്യമാണോ? 2017ലാണിത്.' - മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ജയരാജൻ മറുപടി നൽകി.
രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജനകീയ അംഗീകാരമുള്ള ഉത്തമനായ സ്ഥാനാർത്ഥിയാണ് ജെയ്ക് സി തോമസ്. ജനങ്ങൾ രണ്ടു കയ്യും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. അവസരവാദ രാഷ്ട്രീയത്തെ പുതുപ്പള്ളിയിലെ ജനം തിരിച്ചറിയും.' - ജയരാജൻ പറഞ്ഞു.
മാസപ്പടി വിവാദം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനി കൊച്ചിൻ മിനറൽ ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 1.72 കോടി രൂപ നൽകിയെന്നാണ് ആരോപണം. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയത്. സേവനങ്ങൾ നൽകാതെയാണ് ഇത്രയും തുക നൽകിയത്.
2017ൽ വീണ വിജയന്റെ എക്‌സ ലോജിക് കമ്പനിയും സിഎംആർഎൽ കമ്പനിയും മാർക്കറ്റിങ് കൺസൽട്ടൻസി സേവനങ്ങൾക്കായി കരാറുണ്ടായിരുന്നു. കരാർ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സ ലോജികിന് മൂന്നു ലക്ഷം രൂപയും നൽകണം എന്നായിരുന്നു വ്യവസ്ഥ.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന ആവശ്യവുമായി മാത്യു കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആരോപണം നിയമസഭയിൽ ഉന്നയിക്കാനുള്ള മാത്യുവിന്റെ ശ്രമം സ്പീക്കർ എഎൻ ഷംസീൽ അനുവദിച്ചിരുന്നില്ല.