ഡൽഹിയിൽ മുഖ്യമന്ത്രിയെ കണ്ട് ഇ.പി; കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യം
കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജൻ. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽകാണുന്നത്.
കേരള ഹൗസിന്റെ മെയിൻ ബ്ലോക്കിലെ കൊച്ചിൻ ഹൗസിൽ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്താണ് ഇ.പി എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാനായി ഡൽഹിയിലെത്തിയതായിരുന്നു ഇ.പി.
മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ജയരാജൻ പ്രതികരിച്ചത്.
ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമപ്രവർത്തകരോട് പങ്കുവയ്‌ക്കേണ്ട കാര്യമില്ല. ഇന്ന് സിതാറാം യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. രാഷ്ട്രീയകാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി സംസ്ഥാന സമിതിയിൽ ഉൾപ്പെടെ ഇ.പി ജയരാജൻ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ പരിഭവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നാണു സൂചന.
Summary: EP Jayarajan meets Kerala CM Pinarayi Vijayan in Delhi