രമേശ് ചെന്നിത്തല അൽപ്പനാണെന്ന് കാണിക്കാനാണ് വി.ഡി സതീശന്റെ പരാക്രമം: ഇ.പി ജയരാജൻ
പ്രതിപക്ഷ നേതാവിന് അപക്വ സമീപനമാണ്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അൽപ്പനാണെന്ന് കാണിക്കാനാണ് വി.ഡി സതീശൻ വിക്രാന്തി കാണിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രതിപക്ഷ നേതാവിന് അപക്വ സമീപനമാണ്. അദ്ദേഹം മാധ്യമങ്ങളോട് കയർക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം മറന്നാണ് അദ്ദേഹം പെരുമാറുന്നതെന്നും ജയരാജൻ പറഞ്ഞു.
ഇഷ്ടമില്ലാത്ത ചോദ്യത്തോട് സഹിഷ്ണുതയോടെ മറുപടി പറയേണ്ടതിന് പകരം മാധ്യമങ്ങളോട് കയർക്കുകയാണ് പ്രതിപക്ഷ നേതാവ്. ഗാന്ധിയെ ആരാധിക്കുന്നവരാണ് സിപിഎമ്മുകാർ. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലുള്ള മഹാത്മാഗാന്ധിയുടെ ഫോട്ടോ നിലത്തിട്ട് ചവിട്ടിയത് കോൺഗ്രസുകാരാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചതിന് ദേശാഭിമാനി ഓഫീസ് തകർക്കാൻ ആളെ അയക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്, ജയരാജൻ പറഞ്ഞു.
നിയമസഭയിൽ മാധ്യമങ്ങളെ മാറ്റി നിർത്തേണ്ട ആവശ്യമില്ല.എന്നാൽ, നിയമസഭയിലെ ചട്ടങ്ങൾ അനുസരിച്ച് അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സ്പീക്കറാണ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും വി. ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പാർട്ടി നിയമസഭയിൽ ചെയ്ത പോലെ ഹീനമായ കാര്യങ്ങളൊന്നും യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയിൽനിന്ന് നിയമസഭാ ചട്ടം പഠിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല, സഭാ ടി.വി സിപിഎം ടി.വിയാക്കിയാൽ തടയുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സാക്കിയ ജാഫ്രിയെ സോണിയാ ഗാന്ധി സന്ദർശിച്ചില്ലെന്നത് പച്ച കള്ളമാണെന്നെന്നും സതീശൻ പറഞ്ഞു. മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാഗാന്ധി സാക്കിയ ജഫ്രിയെ സന്ദർശിച്ചിരുന്നെന്നും ഇക്കാര്യം മകൻ സ്ഥിരീകരിച്ചെന്നും സതീശൻ പറഞ്ഞു.
സാക്കിയയുടെ മകൻറെ പ്രതികരണം സതീശൻ വായിക്കുകയും ചെയ്തു. ഗുജറാത്ത് വംശഹത്യക്ക് ശേഷം സോണിയാ ഗാന്ധി ഗുജറാത്തിലെത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതിന് പിണറായിക്ക് എന്താണെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി ടെമ്പ്ൾ ടൂർ നടത്തുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.