നന്ദകുമാറിന്റെ അമ്മയാണ് എന്ന് ഇ. പി ജയരാജൻ അറിഞ്ഞിരുന്നില്ല: എം.ബി മുരളീധരൻ
നന്ദകുമാറുമായി ഇ.പി ജയരാജൻ സംസാരിച്ചിരുന്നെന്നും എന്നാൽ അത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: താൻ ക്ഷണിച്ചിട്ടാണ് ഇ.പി ജയരാജൻ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തതെന്ന് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ എം. ബി മുരളീധരൻ. നന്ദകുമാറിന്റെ അമ്മയ്ക്ക് ആദരം നൽകിയത് താൻ ആവശ്യപ്പെട്ടിട്ടാണ്. നന്ദകുമാറിന്റെ അമ്മയാണെന്ന കാര്യം ഇ പി ജയരാജൻ അറിഞ്ഞിരുന്നില്ലെന്നും എം.ബി മുരളീധരൻ മീഡിയവണിനോട് പറഞ്ഞു. കൊച്ചിയിൽ എത്തിയത് അറിഞ്ഞിട്ടാണ് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചത്. നന്ദകുമാറുമായി ഇ.പി ജയരാജൻ സംസാരിച്ചിരുന്നു, എന്നാൽ അത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജൻ എത്തിയത് ക്ഷണിച്ചിട്ടല്ലെന്ന് വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ പ്രതികരിച്ചിരുന്നു. ഇ.പി തന്‍റെ വീട്ടിലല്ല വന്നതെന്നും വെണ്ണല തയ്ക്കാട്ടുശ്ശേരി ക്ഷേത്രത്തിലാണ് എത്തിയതെന്നുമായിരുന്നു നന്ദകുമാറിന്റെ പ്രതികരണം. 'ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഇ.പി ജയരാജൻ എത്തിയത്. കെ.വി തോമസും കൂടെയുണ്ടായിരുന്നു.കെ വി തോമസും ക്ഷണിച്ചിട്ട് വന്നതല്ല. ആ സമയത്ത് അമ്മയെ കണ്ടപ്പോൾ ഷാൾ അണിയിച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ദല്ലാൾ നന്ദകുമാർ മീഡിയവണിനോട് പറഞ്ഞു.
'ജനുവരി 21 നായിരുന്നു അമ്മയുടെ പിറന്നാൾ. പിറന്നാൾചടങ്ങിന് ഇ.പി ജയരാജനെ ക്ഷണിച്ചിരുന്നെങ്കിലും എത്താൻ പറ്റിയിരുന്നില്ല. അന്ന് പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ക്ഷണിച്ചിരുന്നു. കെ.വി തോമസ് എല്ലാതവണയും ഇവിടെ ക്ഷേത്രത്തിൽ ഭക്ഷണം കഴിക്കാൻ വരാറുണ്ടെന്നും' നന്ദകുമാർ പറഞ്ഞു.
ലാവ്‌ലിൻ കേസിലും വിഴിഞ്ഞം തുറമുഖം ഇടപാടുകളിലുമടക്കം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പല വിവാദങ്ങളിലും ഉയർന്നുകേട്ട പേരാണ് ദല്ലാർ നന്ദകുമാറിന്റേത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധന ജാഥയുടെ തലേദിവസമായിരുന്നു ഇ.പി ജയരാജൻ കൊച്ചിയിലെത്തിയത്. സി.പി.എം പരിപാടിയിൽ പങ്കെടുക്കാതെ ഇ.പി.ജയരാജൻ കൊച്ചിയിലെത്തിയത് ചർച്ചയായിക്കഴിഞ്ഞു. സിപിഎം പ്രതിരോധ ജാഥയുടെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കാത്തതത് ഏറെ വിവാദമായിരുന്നു. എന്നാൽ ജനകീയ പ്രതിരോധന ജാഥയുടെ തലേദിസവം ഇ.പി ജയരാജൻ കൊച്ചിയിൽ എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്.
അതേസമയം, ടി.ജി നന്ദകുമാറിന്റെ വീട്ടിലെ ഇ.പി ജയരാജന്റെ സന്ദർശനത്തെ കുറിച്ച് അറിയില്ലെന്ന് എം.വി ഗോവിന്ദൻ ഇന്ന് പ്രതികരിച്ചത്. ജാഥയിൽ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് കഴിഞ്ഞദിവസം ജാഥാക്യാപ്റ്റൻ കൂടിയായ എം.വി ഗോവിന്ദൻ കഴിഞ്ഞദിവസം പറഞ്ഞത്.
കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇ.പി പങ്കെടുത്തില്ല. ക്ഷണമുണ്ടായിട്ടും ഉദ്ഘാടന പരിപാടിയിൽ നിന്നും ഇ.പി വിട്ടുനിന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കാസർഗോഡ് കുമ്പളയിലായിരുന്നു ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ഇ.പി ജയരാജനെ ക്ഷണിച്ചിരുന്നു.എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. അതുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന മറുപടിയായിരുന്നു ഇ.പി നൽകിയത്.
ഇ.പി ജയരാജന്‍ കൂടി ഉൾപ്പെടുന്ന അഴീക്കോട് നിയമസഭാ മണ്ഡല ഭാഗമായിട്ടുള്ള സ്വീകരണ പരിപാടി കഴിഞ്ഞദിവസം കണ്ണൂരിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആ പരിപാടിയിലും അദ്ദേഹം പങ്കെടുത്തില്ല. മാത്രമല്ല ജാഥ ഇതുവഴി കടന്നു പോകുമ്പോൾ അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അദ്ദേഹം കണ്ണൂരിൽ ഉണ്ട്. നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. സംഭവം വിവാദമായതോടെ ജാഥയിൽ പങ്കെടുക്കണമെന്ന് ഇ പി ക്ക് പാർട്ടി കർശന നിർദേശം നൽകിയിരുന്നു.
ഇ.പി ജയരാജന് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ എവിടെ വേണമെങ്കിലും ചേരാമെന്നായിരുന്നു ഇന്നലെ എം.വി ഗോവിന്ദൻ പറഞ്ഞത്.. 'അദ്ദേഹം മനഃപൂർവം വിട്ടുനിൽക്കുന്നതല്ല. ജയരാജന് ഒരു അതൃപ്തിയും ഇല്ല. ഉദ്ഘടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലാണ്. ചികിത്സിക്കാൻ വിടില്ലെന്ന് പറഞ്ഞാൽ ശരിയല്ലെന്നും എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.