'പുതിയ അഡ്മിനിസ്‌ട്രേറ്ററെ അംഗീകരിക്കില്ല'; എറണാകുളം- അങ്കമാലി അതിരൂപതയിൽ സഭ സിനഡിനെതിരെ വീണ്ടും അൽമായ മുന്നേറ്റം
പ്രതിഷേധത്തിനൊരുങ്ങി വിമത വിഭാഗം
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതിനെതിരെ വിമത വിഭാഗം പ്രതിഷേധം ശക്തമാക്കുന്നു. അതിരൂപതക്കുമേലുള്ള സഭാ നേതൃത്വത്തിന്റെ അധിനിവേശത്തെ അംഗീകരിക്കില്ലെന്ന് വിശ്വാസി കൂട്ടായ്മയായ അൽമായ മുന്നേറ്റം വ്യക്തമാക്കി .
എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാന്റെ പുതിയ തീരുമാനവും അതിരൂപതയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല എന്ന സൂചനകളാണ് പുറത്തു വരുന്നത്. അതിരൂപതയിലെ വിശ്വാസികളുടെ പ്രശ്‌നങ്ങൾ ആരും മുഖ വിലയ്‌ക്കെടുത്തില്ലെന്നും ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കാതെയാണ് വത്തിക്കാൻ തീരുമാനമെന്നുമാണ് വിമത വിഭാഗത്തിന്റെ ആരോപണം. മാർപാപ്പയോ വത്തിക്കാൻ പ്രതിനിധികളോ യഥാർഥ വിഷയങ്ങൾ ഇതുവരെയും മനസ്സിലാക്കിയിട്ടില്ലെന്നും അതിന്റെ പ്രധാന കാരണക്കാർ സഭ സിനഡ് തന്നെയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
പുതിയ നിയമനം കൊണ്ട് നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ജനാഭിമുഖ കുർബാന നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി. ആഗസ്റ്റ് ഏഴിന് കൊച്ചിയിൽ വെച്ച് വിപുലമായ വിശ്വാസി കൂട്ടായ്മ വിളിച്ചുചേർക്കാനാണ് വിമത വിഭാഗം ഒരുങ്ങുന്നത്. സമരപരിപാടികളും പ്രതിഷേധവും യോഗത്തിൽ തീരുമാനിക്കും. നിലവിലെ സാഹചര്യത്തിൽ വൈദികർ ഉൾപ്പെടുന്ന വിമത വിഭാഗത്തിനെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.