എറണാകുളം -അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന അനുവദിച്ചു തരണമെന്ന് ഇടവക സമിതികൾ
മാർപാപ്പയെ ഇക്കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ മുന്നൂറിലധികം ഇടവക സമിതികൾ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിന് നിവേദനം നൽകി
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന അനുവദിച്ചു തരണമെന്ന ആവശ്യവുമായി ഇടവക സമിതികൾ. മാർപാപ്പയെ ഇക്കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപതയിലെ മുന്നൂറിലധികം ഇടവക സമിതികൾ അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിന് നിവേദനം നൽകി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നുള്ള 305 ഇടവക സമിതികളാണ് ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചത്. അടുത്ത ആഴ്ച ആൻഡ്രൂസ് താഴത്ത് വത്തിക്കാനിലേക്ക് പോകാനിരിക്കെയാണ് വിമത വിഭാഗത്തിന്‍റെ നീക്കം. ജനാഭിമുഖ കുർബാന അംഗീകരിക്കുക, മാർപാപ്പ അറിയാതെ അതിരൂപതയിൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുക, അതിരൂപതയിൽ നിന്നുള്ള മെത്രാപോലിത്തയെ നിയമിക്കുക, എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉള്ളത്.
മാർപാപ്പയെ സന്ദർശിക്കുന്ന വേളയിൽ ഈ നിവേദനങ്ങൾ കൈമാറണമെന്നാണ് വിമത വിഭാഗത്തിന്‍റെ ആവശ്യം. അടുത്ത ദിവസങ്ങളിൽ അതിരൂപതയിലെ കെ.സി.വൈ.എം, പാസ്റ്ററൽ കൗൺസിൽ തുടങ്ങിയ സംഘടനകളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്ററെ കാണും.