ജനാഭിമുഖ കുർബാനയിൽ ഉറച്ച് വിമത വിഭാഗം; എറണാകുളം അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമം ഇന്ന്
മാർപാപ്പയെയും സിനഡിനെയും ധിക്കരിച്ചതുകൊണ്ടാണ് ബിഷപ് ആന്റണി കരിയിലിന് രാജി വെക്കേണ്ടി വന്നതെന്ന വിശദീകരണവുമായി സിറോ മലബാർ സഭ
കൊച്ചി: അങ്കമാലി രൂപയുടെ മെത്രാപൊലീത്തൻ വികാരി സ്ഥാനത്തു നിന്നും ബിഷപ്പ് ആന്റണി കരിയിലിനെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇന്ന് വിമതരുടെ മഹാസംഗമം നടക്കും.എറണാകുളം അതിരൂപത വിശ്വാസസംരക്ഷണ മഹാസംഗമം ഇന്ന് നടക്കും. ജനാഭിമുഖ കുർബാന നിലനിർത്തുക എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന വിമത വിഭാഗത്തിന്റെ ശക്തി പ്രകടനത്തിനാകും കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
അതിരൂപതയിൽ നിലനിർത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളിൽ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷൻ പ്രക്രിയയുടെ ഭാഗമായി തിരിച്ചു നല്കുക, കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ രാജി വെപ്പിച്ച ബിഷപ് ആൻറണി കരിയിലിനോട് സിനഡ് നീതി പുലർത്തുക, സിനഡ് വിശ്വാസികളെയും വൈദികരെയും കേൾക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിമത വിഭാഗം കലൂർ സ്റ്റേഡിയത്തിൽ സമ്മേളിക്കുന്നത്.
ബിഷപ്പ് അന്റണി കരിയിലിനെ മാറ്റി പകരം രൂപതയ്ക്ക് പുതിയ അഡിമിനിസ്‌ട്രേറ്റർ വന്നെങ്കിലും കാര്യങ്ങൾ തങ്ങളുടെ വഴിയ്ക്കാക്കാനാണ് വിമത വിഭാഗം ശ്രമിക്കുന്നത്.
അതേസമയം, മാർപാപ്പയെയും സിനഡിനെയും ധിക്കരിച്ചതുകൊണ്ടാണ് ബിഷപ് ആന്റണി കരിയിലിന് രാജി വെക്കേണ്ടി വന്നതെന്ന വിശദീകരണവുമായി സിറോ മലബാർ സഭ രംഗത്തെത്തി. വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശം മറികടന്നാണ് ബിഷപ് കരിയിൽ കുർബാന ഏകീകരണത്തിൽ രൂപതയിൽ ഇളവ് പ്രഖ്യാപിച്ചത്. മാർപാപ്പയുടെ നിർദേശം പരസ്യമായി ലംഘിച്ചത് കൊണ്ടാണ് വത്തിക്കാൻ രാജി ആവശ്യപ്പെട്ടതെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു. ബിഷപ്പ് കരിയിലിന് നീതി ലഭിക്കണം എന്നതടക്കം ആവശ്യപ്പെട്ടു വിമത വിഭാഗം കലൂർ സ്റ്റേഡിയത്തിൽ വിശ്വാസ പ്രഖ്യാപനം നടത്താൻ ഇരിക്കെയാണ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.