4396 പേർക്ക് കോവിഡ്; എറണാകുളത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
എറണാകുളത്ത് 48 പഞ്ചായത്തുകളില്‍ 25 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 45 ശതമാനവും.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ എറണാകുളത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ൻമെന്റ് സോണിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാല് പഞ്ചായത്തടക്കം 551 വാർഡുകൾ എറണാകുളത്ത് കണ്ടെയ്ൻമെന്റ് സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എറണാകുളത്ത് 48 പഞ്ചായത്തുകളില്‍ 25 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 45 ശതമാനവും.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസ് പരിശോധന കർശനമാക്കും. അതിഥി തൊഴിലാളികൾക്കിടയിൽ ഭീതി പരത്താൻ ചിലർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ലേബർ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി എറണാകുളത്ത് കണ്ട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ ഇന്ന് 4396 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.