'സവർക്കറെ ആദരിക്കുന്നവർ ആര്‍എസ്എസിലുണ്ട്'; ഗവർണറെ പരോക്ഷമായി ന്യായീകരിച്ച് ഇ.പി ജയരാജൻ
ഓരോരുത്തർക്കും പലരെക്കുറിച്ചും പല അഭിപ്രായമുണ്ടാകുമെന്ന് ഇ.പി


തിരുവനന്തപുരം: എസ്എഫ്ഐ- സവർക്കർ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞതിനെ മയപ്പെടുത്തി ഇ.പി ജയരാജൻ. ആർഎസ്എസുകാരിൽ സവർക്കറെ വളരെ ആദരിക്കുന്നവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സവർക്കറെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ലല്ലോ?'..ആദ്യ കാലത്ത് സ്വാതന്ത്ര്യസമരത്തെ പിന്തുണച്ച് സവർക്കർ ശക്തമായ ഇടതുനിലപാട് സ്വീകരിച്ചു.മാപ്പ് എഴുതിക്കൊടുത്ത് ജയിലിൽനിന്ന് പുറത്തുവന്ന ശേഷം സ്വാതന്ത്ര്യ സമരത്തെ എതിർത്തു'..ഓരോരുത്തർക്കും പലരെക്കുറിച്ചും പല അഭിപ്രായമുണ്ടാകുമെന്നുമായിരുന്നു ഇ.പിയുടെ ന്യായീകരണം.
അതേസമയം, സവർക്കർ വീരനാണെന്ന് ആര് പറഞ്ഞാലുംതാൻ അംഗീകരിക്കില്ലെന്നും,സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയ പ്രസ്ഥാനത്തിൽ സവർക്കർക്ക് യാതൊരു പങ്കുമില്ലെന്നും എം.വിഗോവിന്ദൻ പറഞ്ഞു. ഇഎംഎസ് അല്ല ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും തനിക്ക് അതിനോട് യോജിപ്പില്ല. സവർക്കർക്ക് രണ്ട് ഘട്ടമുണ്ട്, ഒന്ന് സ്വാതന്ത്ര്യസമരത്തോട് ചേർന്നതായിരുന്നു. മറ്റൊന്ന്, നാടുകടത്തപ്പെട്ട ശേഷം ആറ് തവണ മാപ്പ് എഴുതികൊടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഗവർണറെ നേരിട്ട് വിമർശിക്കാത്തതെന്ന ചോദ്യത്തോടും എംവി ഗോവിന്ദന് മറുപടി പറഞ്ഞില്ല. ഗവർണർക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാളെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞിരുന്നു.കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറില്‍ അതൃപ്തി അറിയിച്ചായിരുന്നു ഗവർണറുടെ പരാമര്‍ശം. 'വി നീഡ് ചാൻസലർ നോട്ട് സവർക്കർ' എന്ന ബാനറിലാണ് ഗവർണറുടെ പ്രതികരണം.