ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ; ഗതാഗത നിയന്ത്രണം രണ്ട് ദിവസം കൂടി തുടരും
കോട്ടയം യാർഡിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജൂൺ മൂന്നാം വാരം പാത പൂർണമായും കമ്മീഷൻ ചെയ്യും
കോട്ടയം: എറണാകുളം-കായംകുളം റൂട്ടിലെ റെയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നാളെയോടെ പൂർത്തിയാകും. കോട്ടയം വഴിയുള്ള ഗതാഗത നിയന്ത്രണങ്ങൾ രണ്ട് ദിവസം കൂടി തുടരും . അതേസമയം കോട്ടയം യാർഡിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജൂൺ മൂന്നാം വാരമാകും പാത പൂർണമായും കമ്മീഷൻ ചെയ്യുക.
ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള സുരക്ഷാ പരിശോധനയും വേഗ പരിശോധനയും വിജയിച്ചതോടെ 28 ന് തന്നെ സർവീസുകൾ പുന:സ്ഥാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ പാതയുടെ കൂട്ടി യോജിപ്പിക്കലുകൾ ബാക്കി നിൽക്കുന്നതിനാലാണ് ഒരു ദിവസം കൂടി ഗതാഗത നിയന്ത്രണം തുടരുന്നത്.
ഇത് പ്രകാരം 11 ട്രെയിനുകൾ പൂർണമായും റദ്ദാക്കി ഇന്ന് വൈകുന്നേരത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തും കോട്ടയം മുട്ടമ്പലം ഭാഗത്തും ഇരട്ട പാതകൾ കൂട്ടി യോജിപ്പിക്കുന്നതതോടെ ട്രെയിനുകൾക്ക് സാധരണ നിലയിൽ സർവീസ് നടത്താനാകും. എന്നാൽ കോട്ടയം യാർഡിലെ അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാക്കിയാവും പാത കമ്മീഷൻ ചെയ്യുക.
2001 ൽ തുടക്കമിട്ട കായംകുളം-എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കൽ പൂർത്തീകരിക്കുന്നതോടെ മദ്രാസ്-തിരുവനന്തപുരം ലൈനിലെ 632 കിലോ മീറ്റർ ദൂരം പൂർണ്ണമായും ഇരട്ടപ്പാതയായി മാറും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ റെയിൽ ഗതാഗതത്തിൽ വൻ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.