സംസ്ഥാനത്ത് എക്സൈസ് സ്പെഷ്യൽ ഡ്രൈവ്; 13.48 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ 13.48 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇതുവരെ 600ലധികം പേർ അറസ്റ്റിലായി. സെപ്റ്റംബർ 16 മുതലാണ് എക്സൈസ് പരിശോധന ആരംഭിച്ചത്.
രജിസ്റ്റർ ചെയ്‌ത 597 കേസുകളിലായി ഇതുവരെ 608 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഡിഎംഎ ഏറ്റവും കൂടുതൽ പിടിച്ചെടുത്തിരിക്കുന്നത് വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിലാണ്.
കൂടാതെ. 109.67 കിലോ കഞ്ചാവും ഈ കാലയളവിൽ എക്സൈസ് പിടികൂടി. 170 കഞ്ചാവ് ചെടികളും 153 ഗ്രാം ഹാഷിഷ് ഓയിൽ 1.4 ഗ്രാം ബ്രൗൺ ഷുഗർ, 9.5 ഹെറോയിൽ എന്നിവയും ലഹരി ഗുളികകളും പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരി ഉപയോഗം തടയാനായി എക്സൈസിന്റെ 'യോദ്ധാവ്' കർമപദ്ധതി ആരംഭിച്ചപ്പോൾ തന്നെ സ്ഥിരം കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം 3133 പേരെ നിരീക്ഷിച്ച് വരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. മാത്രമല്ല 758 പേരെ വിളിച്ചുവരുത്തി പരിശോധനയും നടത്തിയിരുന്നു. വിപുലമായ പ്രവർത്തനങ്ങൾ തുടർന്നുവരികയാണെന്നും എക്സൈസ് അറിയിച്ചു.