രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതില്‍ സന്തോഷം പങ്കിട്ട് രണ്ടുപേര്‍
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയത്. എം ഐ രവീന്ദ്രൻ വ്യാപകമായി അനധികൃത പട്ടയങ്ങൾ നൽകിയെന്നായിരുന്നു സുരേഷ് കുമാർ നേതൃത്വം നൽകിയ മൂന്നംഗ ദൗത്യ സംഘം കണ്ടെത്തിയത്.
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിലുള്ള സന്തോഷം പങ്കുവെച്ച് പ്രമുഖരുടെ മക്കൾ. മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മകൻ വി എ അരുൺ കുമാറും മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ സുരേഷ് കുമാറിന്റെ മകൻ അനന്ദുവുമാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്. മൂന്നാർ ഓപ്പറേഷനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നെങ്കിലും അന്നത്തെ ദൗത്യ സംഘത്തിന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് സർക്കാരിന്‍റെ ഇപ്പോഴത്തെ നിലപാടെന്നാണ് ഇരുവരും കുറിപ്പുകളില്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയത്. എം ഐ രവീന്ദ്രൻ വ്യാപകമായി അനധികൃത പട്ടയങ്ങൾ നൽകിയെന്നായിരുന്നു സുരേഷ് കുമാർ നേതൃത്വം നൽകിയ മൂന്നംഗ ദൗത്യ സംഘം കണ്ടെത്തിയിരുന്നത്. ദേവികുളം താലൂക്കിൽ മാത്രം 530ലേറെ പട്ടയങ്ങൾ അനധികൃതമായി രവീന്ദ്രൻ നൽകിയെന്നും ദൗത്യ സംഘം കണ്ടെത്തിയിരുന്നു. ഈ പട്ടയ ഭൂമിയിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും നിലനിൽക്കുന്നുണ്ടെന്ന വിവരം പുറത്ത് വന്നതോടെ സി.പി.എമ്മിന്‍റെയും സി.പി.ഐയുടേയും പ്രാദേശിക ഘടകങ്ങൾ മൂന്നാർ ഓപ്പറേഷനെതിരെ രംഗത്ത് വന്നു. രാഷ്ട്രീയ സമ്മർദം കടുത്തതോടെ മൂന്നാർ ഓപ്പറേഷൻ പൂർത്തിയാക്കാതെ സർക്കാർ ഉപേക്ഷിച്ചു.
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ നിലവിലെ സർക്കാർ തീരുമാനമെടുത്തതോടെ അന്നത്തെ തീരുമാനങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് അക്കാലത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മകനും മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയ സുരേഷ് കുമാറിന്റെ മകൻ അനന്ദുവും. അനധികൃതമായി നേടിയ ഭൂമി ഇന്നല്ലെങ്കിൽ നാളെ സർക്കാർ ഏറ്റെടുക്കുമെന്ന സുരേഷ് കുമാറിന്‍റെ പഴയ വാചകങ്ങൾ ഉദ്ധരിച്ചായിരുന്നു അനന്ദു സുരേഷ് കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. വി.എസിന്‍റെ ചിത്രവും രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിന്‍റെ വാർത്തയും ചേർത്തായിരുന്നു വി.എസിന്‍റെ മകൻ അരുൺ കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ഇരുവരുടെയും പോസ്റ്റിന് നിരവധി പേർ അഭിവാദ്യം അർപ്പിച്ചു.