കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തെ പ്രതിസന്ധിയിലാക്കി സി.പി.ഐയിലെ വിഭാഗീയത
നഗരസഭ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് രണ്ട് കൗൺസിലർമാർ പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂർ നഗരസഭ ഭരണത്തെ പ്രതിസന്ധിയിലാക്കി സി.പി.ഐയിലെ വിഭാഗീയത. നഗരസഭ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് രണ്ട് കൗൺസിലർമാർ പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചു. ഒരു അംഗത്തിന്‍റെ ഭൂരിപക്ഷത്തിൽ എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ബി.ജെ.പിയാണ് പ്രതിപക്ഷത്തുള്ളത്.
2019 മുതൽ സി.പി.ഐയിൽ നിലനിൽക്കുന്ന വിഭാഗീയത ഏറ്റവും രൂക്ഷമായ സാഹചര്യമാണ് കൊടുങ്ങല്ലൂരിലുള്ളത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതും തുടർന്ന് നിയമിച്ച അഡ്ഹോക്ക് കമ്മറ്റിയെ ചൊല്ലിയുള്ള തർക്കവുമാണ് പെട്ടെന്നുള്ള കൂട്ട രാജിക്ക് കാരണം. രണ്ട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ഇരുപതോളം പ്രാദേശിക നേതാക്കളാണ് പാർട്ടി ജില്ല നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. കൗൺസിലർ സ്ഥാനം രാജിവെക്കുമെന്നും കൗൺസിലർമാരായ ബിനിലും രവീന്ദ്രൻ നടുമുറിയും പാർട്ടി നേതൃത്വത്തെ അറിയിച്ചു. 44 അംഗങ്ങളുള്ള നഗരസഭയിൽ എല്‍.ഡി.എഫിന് 22ഉം ബി.ജെ.പിക്ക് 21ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്.
കോൺഗ്രസിന് ഒരംഗം മാത്രമാണുള്ളത്. എന്നാൽ ചെയർപേഴ്‌സൺ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിട്ടുള്ളതിനാലും ബിജെപിക്ക് പട്ടിക ജാതി വനിത കൗൺസിലർ ഇല്ലാത്തതിനാലും തൽക്കാലം ഭരണമാറ്റം സംഭവിക്കില്ല. അതേ സമയം വിഭാഗീയത ശക്തമായ ഘട്ടത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഉണ്ടായാൽ തിരിച്ചിടിയാകുമെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജില്ലയിലെ സി.പി.ഐയിൽ വിഭാഗീയ ശക്തമായത് എല്‍.ഡി.എഫ് നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ചേർപ്പ് ഏരിയ കമ്മറ്റിയിൽ നിന്നും വിഭാഗീയതയുടെ പേരിൽ നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർ രാജിവെച്ചിരുന്നു.