വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; സിസി ടിവി ദൃശ്യങ്ങൾ നിര്‍ണായകം
എന്നാല്‍ പരാതിയിൽ പറയുന്ന ദിവസങ്ങളിലെ ദൃശ്യങ്ങളെല്ലാം ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ സിസി ടിവി ദൃശ്യങ്ങൾ നിര്‍ണായകം. കഴിഞ്ഞ രണ്ട് മാസത്തെ സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. എന്നാല്‍ പരാതിയിൽ പറയുന്ന ദിവസങ്ങളിലെ ദൃശ്യങ്ങളെല്ലാം ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എങ്ങനെയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇതിന് ആരുടെയൊക്കെ പിന്തുണ ലഭിച്ചിട്ടുണ്ട്, ഇതിന് പിന്നില് സ്ഥിരമായി ഒരു സംഘമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസിന്‍റെ വിശദമായ അന്വേഷണം. ഇന്നലെയാണ് രണ്ട് മാസത്തെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പൊലീസ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്കിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ പരമാവധി തെളിവുകള്‍ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസിലെ പ്രതികളായ മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനില്‍ കുമാര്‍, കിയോസ്ക് ജീവനക്കാരിയായിരുന്ന രഹന എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. അതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇവരുടെ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളാകും പൊലീസ് പരിശോധിക്കുക.
കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി കഴിഞ്ഞ മാസം 30നും ഈ മാസം 1 നും ലേബര്‍ റൂം പരിസരത്ത് എത്തിയിട്ടുണ്ടെന്നും പലരുമായി സംസാരിച്ചിട്ടുണ്ടെന്നുമുളള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാല് ഇവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. പിന്നാലെ മെഡിക്കല്‍ സൂപ്രണ്ട് ഗണേഷ് മോഹനന്‍റെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും.
എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസങ്ങളിലെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് അന്വേഷണത്തെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. നേരത്തെ ഓക്സിജന് കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചത് അടക്കമുളള പ്രമാദമായ കേസുകളില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നത് അന്വേഷണ സംഘങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.