ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
മുഖ്യ പ്രതിയും കിഴുകാനം സെക്ഷന്‍ ഫോറസ്റ്ററുമായ വി. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്
ഇടുക്കി: ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. മുഖ്യ പ്രതിയും കിഴുകാനം സെക്ഷന്‍ ഫോറസ്റ്ററുമായ വി. അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.സി. ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ വനപാലകര്‍ കേസെടുത്തത്. 10 ദിവസത്തെ ജയില്‍വാസവും അനുഭവിച്ചു. തുടര്‍ന്ന് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. നായാട്ട് സംഘങ്ങളെ പിടികൂടിയെന്ന പേരിനായി കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു.
തുടര്‍ന്ന് പട്ടികജാതി- പട്ടികവര്‍ഗ പീഢന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ പ്രതികള്‍ കോടതിയെ സമീപിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്.
പ്രതികളിലൊരാളായ ലെനിന്‍ തിരുവനന്തപുരത്ത് പിടിയിലായതോടെ മുഖ്യ പ്രതി അനില്‍ കുമാര്‍ ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ്, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍.ആര്‍. ഷിജിരാജ് എന്നിവരേയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.