വ്യാജ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിന്‍ രാജിനെ പിടികൂടിയത് മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍

നിഖിലിനെയും അബിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

Update: 2023-06-27 01:03 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ  എസ്.എഫ്.ഐ മുന്‍ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റ് അബിൻ സി രാജ് പിടിയിലായത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്. മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപക്ക് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത് അബിൻ രാജ് ആണെന്നാണ് നിഖിലിന്റെ മൊഴി. എന്നാല്‍ സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്‍റെ പേര് മനപ്പൂര്‍വം ഇതിലേക്ക് വലിച്ചിഴക്കുകയും ചെയ്തുവെന്നാണ് അബിന്‍ പൊലീസിന് നല്‍കിയ മൊഴി  എന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള നിഖിൽ തോമസുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. നിഖിലിന്റെ വീട്ടിൽ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്ത സാഹചര്യത്തിൽ നിഖിൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എറണാകുളത്തെ ഏജൻസിയിലും നിഖിൽ പഠിച്ച എം.എസ്.എം. കോളേജിലും പൊലീസ് തെളിവെടുപ്പ് നടത്തും. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഏജൻസി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും സൂചനയുണ്ട്.

പരസ്പര വിരുദ്ധമായ നിഖിലിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി പൊലീസ് നിഖിലിനെ ചോദ്യം ചെയ്ത് വരുകയാണ്. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ സുപ്രധാന തെളിവായ ഫോൺ ഇതുവരെ കണ്ടെത്താനായില്ല.

 നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും. വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി എം കോം അഡ്മിഷൻ നൽകിയ എംഎസ്എം കോളേജിനെതിരെയും തട്ടിപ്പ് നടത്തിയ നിഖിൽ തോമസിനെതിരെയും സിൻഡിക്കേറ്റ് നടപടിയെടുക്കും. വിഷയത്തിലെ വീഴ്ചയെ ന്യായീകരിച്ച് എം.എസ്.എം കോളേജ് നൽകിയ വിശദീകരണത്തിൽ വി.സി അതൃപ്തി അറിയിച്ചിരുന്നു. അതിനാൽ കോളേജിനെതിരെ നടപടി വേണമെന്ന് വൈസ് ചാൻസിലർ സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യപ്പെടും. നിഖിൽ തോമസിനെ ഡീ ബാർ ചെയ്യുന്നത് അടക്കമുള്ള കർശന നടപടികളും ഉണ്ടാകാൻ സാധ്യത ഉണ്ട്. കൂടാതെ മുൻകാലങ്ങളിൽ സർവകലാശാല നൽകിയ തുല്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് സംബന്ധിച്ച കാര്യവും യോഗം ചർച്ച ചെയ്യും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News