എ.എ റഹീമിന്‍റെയും ചിന്ത ജെറോമിന്‍റെയും പേരില്‍ വ്യാജ വാര്‍ത്ത: പൊലീസ് കേസെടുത്തു

'ചിന്ത ജെറോം ഗര്‍ഭിണിയാണെന്നും അതിന്‍റെ ഉത്തരവാദി എ.എ റഹീമാണെന്നുമുള്ള' തരത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചത്

Update: 2021-08-26 02:53 GMT
Editor : ijas
Advertising

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെയും, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെയും കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പാലക്കാട് മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്.

സ്വകാര്യ ന്യൂസ് ചാനലിന്‍റെ ലോഗോ വ്യാജമായി സൃഷ്ടിച്ചാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം എന്നിവരെ ചേർത്താണ് അപകീർത്തിപരമായ വാർത്ത പ്രചരിപ്പിച്ചത്. ഡി.വൈ.എഫ്.ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കെ നൽകിയ പരാതിയിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്

'ചിന്ത ജെറോം ഗര്‍ഭിണിയാണെന്നും അതിന്‍റെ ഉത്തരവാദി എ.എ റഹീമാണെന്നുമുള്ള' തരത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചത്. മണ്ണാർക്കാട് മേഖലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തികഞ്ഞ സത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ് പ്രസ്തുത പോസ്റ്റെന്നും രണ്ട് നേതാക്കളുടെയും ഫോട്ടോ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം. റിയാദിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ ഫോൺ നമ്പറിൽ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മെസേജുകൾ എത്തിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News