ഇൻസ്റ്റഗ്രാമിലൂടെ പരിചയം; സ്‌കൂൾ വിദ്യാർഥിനിയുമായി കടന്ന പ്രതിയെ അതിവിദഗ്ധമായി പിടികൂടി
സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സ്‌കൂൾ വിദ്യാർഥിനിയെ കാണാനില്ലെന്ന് വീട്ടുകാർ പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്നാണ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. ഇതിലൊന്നിൽ പെൺകുട്ടി ഒരാൾക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറിൽനിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. ടിക്കറ്റെടുത്ത സമയംവച്ച് കൗണ്ടറിൽ പരിശോധിച്ചപ്പോൾ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനിലാണെന്ന് മനസ്സിലായി.
പന്തീരാങ്കാവ് പൊലീസ് വിവരം അറിയിച്ചതിന്റ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കൊല്ലത്ത് ട്രെയിൻ പരിശോധിച്ചെങ്കിലും ഇവർ ബുക്ക് ചെയ്ത സീറ്റിൽ കോഴിക്കോടുനിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാൽ തോറ്റു പിന്മാറാതിരുന്ന പൊലീസ് ടിക്കറ്റ് കൗണ്ടറിൽ കൊടുത്ത വിവരങ്ങൾ ശേഖരിച്ചു. ഫോൺ നമ്പരില്ല, അജാസെന്ന് പേരു മാത്രം. ഇതേ പേരുളളവരെ ഫെയ്‌സ്ബുക്കിൽ അന്വേഷിച്ചു.
അതിലെ ഫോൺനമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഒരെണ്ണത്തിന്റെ ലൊക്കേഷൻ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയിൽനിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പർഫാസ്റ്റ് ബസുകൾ രാത്രി വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചു. ഇതിലൊന്നിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ അജാസിനെയും പെൺകുട്ടിയേയും കണ്ടെത്തിയത്. പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ ആശയവിനിമയം നടത്തിയതും ഇൻസ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു.