മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിൽ ഹരജി നൽകി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്‍റെ അമ്മ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതിയിൽ ഹരജി നൽകി. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്നും ഹരജിയിലുണ്ട്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അഭിപ്രായമുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാൻ വിചാരണാക്കോടതി നിർദേശിച്ചു.
കേസിലെ രണ്ട് സാക്ഷികള്‍ കൂറു മാറിയതോടെ ആശങ്കയിലാണ് മധുവിന്‍റെ കുടുംബം. രണ്ട് സാക്ഷികളെ മാത്രമാണ് ഇതുവരെ മണ്ണാർക്കാട് എസ്.ഇ,എസ്.ടി കോടതി വിസ്തരിച്ചത്. ഇവർ രണ്ട് പേരും കൂറുമാറി. പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റം നടത്തുകയാണ് ചെയ്യുന്നതെന്ന് മധുവിന്‍റെ കുടുംബം ആരോപിച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരായ സാക്ഷികൾ കൂറുമാറിയാൽ ജോലിയെ ബാധിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. കൂറുമാറിയ പതിനെന്നാം സാക്ഷി ചന്ദ്രൻ മധുവിന്‍റെ ബന്ധുവാണ്. 10-ാം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറി. സാക്ഷികൾ കൂറുമാറുന്നതോടെ പ്രതികൾ രക്ഷപെടുമോ എന്നതാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആശങ്ക.